| Monday, 30th August 2021, 3:39 pm

താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാധ്യമപ്രവര്‍ത്തക അഫ്ഗാന്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക രാജ്യം വിട്ടു. ടോളോ ന്യൂസിലെ ബെഹസ്ത അര്‍ഗന്ദാണ് അഫ്ഗാന്‍ വിട്ടത്.

ആഗസ്റ്റ് 17 നാണ് ബെഹസ്ത താലിബാന്‍ നേതാവിന്റെ അഭിമുഖം ചെയ്തത്. ഇതോടെ അഫ്ഗാന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി ഒരു താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത ആദ്യ മാധ്യമപ്രവര്‍ത്തക എന്ന നേട്ടവും ബെഹസ്ത സ്വന്തമാക്കിയിരുന്നു.

അഭിമുഖത്തില്‍ തലസ്ഥാനമായ കാബൂളില്‍ വീടുതോറുമുള്ള തിരച്ചിലുകളെക്കുറിച്ചും താലിബാന്റെ ഭാവി പദ്ധതികളെക്കുറിച്ചും ബെഹസ്ത നേതാവിനോട് ചോദിച്ചിരുന്നു.

24 വയസ് മാത്രമുള്ള ബെഹസ്തയുടെ അഭിമുഖം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ പേടിയുള്ളതിനാലാണ് രാജ്യം വിടുന്നതെന്നാണ് ബെഹസ്ത സി.എന്‍.എന്നിനോട് പറഞ്ഞത്.

‘അഫ്ഗാനിലെ ലക്ഷക്കണക്കിന് ജനങ്ങളെ പോലെ എനിക്കും താലിബാനെ പേടിയാണ്, അതിനാല്‍ രാജ്യം വിടുകയാണ്,’ ബെഹസ്ത പറഞ്ഞു.

രാജ്യത്തെ സാഹചര്യങ്ങള്‍ മാറിയാല്‍ തിരിച്ചെത്തുമെന്നാണ് ബെഹസ്ത പറയുന്നത്.

താലിബാന്‍ നേതാവിന്റെ അഭിമുഖമെടുക്കമ്പോള്‍ ബെഹസ്ത ടോളോ ന്യൂസിലെത്തിയിട്ട് ഒരു മാസവും 20 ദിവസവും മാത്രമാണായിരുന്നത്. താലിബാന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായിയുമായി അഭിമുഖം നടത്തിയതും ബെഹസ്തയായിരുന്നു.

താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്നങ്ങളില്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദ് പങ്കുവെച്ച വീഡിയോയയില്‍ തോക്കേന്തി നില്‍ക്കുന്ന താലിബാന്‍ ഭീകരര്‍ക്കൊപ്പമാണ് അവതാരകന്‍ രാജ്യത്തെ പേടിക്കേണ്ട സാഹചര്യമില്ലെന്ന് പറയുന്നത്. പേടിച്ചരണ്ട മുഖത്തോടെയാണ് അവതാരകന്‍ ഇത് പറയുന്നതെന്ന് മസിഹ് ട്വീറ്റ് ചെയ്തു.

‘ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ഭയത്തിന്റെ പര്യായമാണ് താലിബാന്‍. ഈ വീഡിയോ ഇതിന്റെ മറ്റൊരു തെളിവ് മാത്രമാണ്,’ മസിഹ് പറഞ്ഞു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അനുവദിക്കുമെന്ന താലിബാന്റെ വാഗ്ദാനം പാഴായെന്നാണ് പലരും ട്വീറ്റ് ചെയ്യുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാനിലെ മുന്‍നിര മാധ്യമമായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടറേയും ക്യാമറാ പേഴ്സണേയും താലിബാന്‍ ആക്രമിച്ചത്.

രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി ഈ മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ആക്രമിച്ചത്. റിപ്പോര്‍ട്ടിംഗിനായി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് ആക്രമിക്കുകയായിരുന്നു.

ആഗസ്റ്റ് 15,16 തിയതികളിലായാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Female journalist flees Afghanistan following groundbreaking TV interview with Taliban spokesman

We use cookies to give you the best possible experience. Learn more