| Wednesday, 26th November 2014, 12:05 am

പെണ്‍ഭ്രൂണഹത്യ ഗൗരവമായെടുക്കുന്നില്ല: കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെണ്‍ ഭ്രൂണഹത്യ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കേരളമടക്കമുളള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് സത്യവാങ്മൂലം ഇതുവരെ സമര്‍പ്പിക്കാത്തത്.

ഈ സംസ്ഥാനങ്ങളുടെ നിലപാടിനെ “ദൗര്‍ഭാഗ്യകരം”, “ഗോള്‍ഡന്‍ സൈലന്‍സ്” എന്നിങ്ങനെയാണ് സുപ്രീം കോടതി പരാമര്‍ശിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര, യു.യു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് പരാമര്‍ശം.

പെണ്‍ഭ്രൂണഹത്യ വിഷയം ഒരു സംസ്ഥാനവും ഗൗരവമായെടുക്കുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. ചില സംസ്ഥാനങ്ങള്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ഇത് ഈ വിഷയത്തിലുള്ള അവരുടെ അലംഭാവമാണ് വ്യക്തമാക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

കേരളത്തിന് പുറമേ, അസം, അരുണാചല്‍ പ്രദേശ്, ബിഹാര്‍, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ, മിസോറാം, ഒഡിഷ, ത്രിപുര, ദാമന്‍ദിയു, പുതുച്ചേരി എന്നീ സര്‍ക്കാറുകളാണ് സത്യവാങ്മൂലം ഇതുവരെ സമര്‍പ്പിക്കാത്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഇവര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

അതേസമയം, സത്യസന്ധമായ വിശദീകരണം ഇല്ലാത്ത സത്യവാങ്മൂലം നല്‍കിയതിന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സത്യവാങ്മൂലത്തില്‍ അലംഭാവം കാണിച്ചതിന് കാരണം ബോധ്യപ്പെടുത്തി മാപ്പപേക്ഷ നല്‍കാനും യു.പി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെണ്‍ഭ്രൂണഹത്യ സംബന്ധിച്ച് ഉത്തര്‍പ്രദേശ്, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ വിശദമായി പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ മൂന്നംഗ സംഘത്തിനും കോടതി ചുമതല നല്‍കിയിട്ടുണ്ട്. രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, ഒരു അഡിഷണല്‍ സെക്രട്ടറി എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെട്ടത്.

ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരെ ദല്‍ഹിയില്‍ ഡിസംബര്‍ 3ന് വിളിപ്പിച്ച് കണക്കുകള്‍ നല്‍കാന്‍ അവര്‍ ആധാരമാക്കിയ രേഖകളും റെക്കോര്‍ഡുകളും പരിശോധിക്കണമെന്നാണ് നിര്‍ദേശം.

കോടതി ചുമതലപ്പെടുത്തിയ കമ്മിറ്റിക്ക് മുമ്പാകെ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ഡിസംബര്‍ 10ന് കമ്മിറ്റി കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പെണ്‍ഭ്രൂണഹത്യ ഒഴിവാക്കുന്നതിനായി കുടുംബങ്ങളെ ബോധവത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

We use cookies to give you the best possible experience. Learn more