| Thursday, 25th December 2014, 11:38 pm

പെണ്‍ ഭ്രൂണഹത്യ ഏറ്റവും വലിയ പാതകമാണെന്ന് നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്


യുപി: രാജ്യത്ത് നില നില്‍ക്കുന്ന പെണ്‍ ഭ്രൂണഹത്യ നടപടികളെ അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പെണ്‍ ഭ്രൂണഹത്യകള്‍ നടത്തുന്നത് ഏറ്റവും വലിയ പാതകമാണെന്നും മോദി പറഞ്ഞു. സമൂഹത്തിലെ ഇത്തരം നീച കൃത്യങ്ങളെ “ഇളക്കി”  മാറ്റുന്നതിനായി കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെ സഹായവും മോദി ആവശ്യപ്പെട്ടു.

ധീര വനിതയായ റാണി ലക്ഷ്മി ഭായിയെ പോലെയുള്ളവര്‍ ജീവിച്ച സ്ഥലത്താണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും ഇതിനേക്കാള്‍ വലിയ തെറ്റ് മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സദ്ഭരണ ദിവസത്തിന്റെ ഭാഗമായി കേന്ദ്ര സര്‍വകലാശാലയായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ചടങ്ങില്‍ “പെണ്‍കുട്ടിയെ രക്ഷിക്കൂ” എന്ന പദ്ധതിയെ കുറിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഇത്തരം നടപടികള്‍ തടയുന്നതിന്റെ ഭാഗമായി ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നതിന്റെ  ആവശ്യകതയെ കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ നമ്മുടെ സാംസ്‌കാരിക നായകന്‍മാര്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ചെയ്തത് പോലെയുള്ള ദൗത്യം ഇപ്പോഴുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 80 ശതമാനം ജില്ലകളിലും 1991 ന് ശേഷം ലിംഗാനുപാതം കുറഞ്ഞ് വരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പഞ്ചാബാണ് ഏറ്റവും മുന്‍പില്‍. ഇത് കൂടാതെ 2002ലെ സെന്‍സസ് പ്രകാരം രാജ്യത്തെ കുട്ടികളുടെ ലിംഗാനുപാതം പരിശോധിക്കുകയാണെങ്കില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികള്‍ എന്നാണ് കണക്ക്.

We use cookies to give you the best possible experience. Learn more