| Wednesday, 1st April 2015, 12:19 pm

പെണ്‍ഭ്രൂണഹത്യ: ഇന്ത്യന്‍ അമേരിക്കന്‍ യുവതിക്ക് യു.എസില്‍ 30 വര്‍ഷത്തെ തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എസ്: പെണ്‍ഭ്രൂണഹത്യ കുറ്റത്തിന് ഇന്ത്യന്‍ അമേരിക്കന്‍ യുവതിക്ക് 30 വര്‍ഷത്തെ തടവ്. 33 കാരിയായ പര്‍വി പട്ടേലിനാണ് തടവുശിക്ഷ. 20 വര്‍ഷത്തെ ശിക്ഷ നടപ്പിലാക്കാനും പത്തുവര്‍ഷത്തേതു മാറ്റിവെയ്ക്കാനുമാണ് ഉത്തരവ്. മാറ്റിവെയ്ക്കുന്നതില്‍ അഞ്ചുവര്‍ഷം പ്രൊബേഷന്‍ കാലയളവായിരിക്കും.

ഇന്ത്യാനയിലെ സൗത്ത് ബെന്റ് കോടതി ജഡ്ജിയുടേതാണ് ഉത്തരവ്. ഇന്ത്യയില്‍ നിന്നും കുടിയേറിയ കുടുംബത്തില്‍പ്പെട്ട പര്‍വി പട്ടേല്‍ ഇന്ത്യാനയിലെ ഗ്രാഞ്ചറിയില്‍ താമസിക്കുകയാണ്.

2013 ജൂലൈയില്‍ പട്ടേലിനെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയാണെന്ന കാര്യം ആദ്യം നിഷേധിച്ച പര്‍വി പിന്നീട് ഡോക്ടര്‍മാരോട് ഇക്കാര്യം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നവജാത ശിശുവിനെ ഒരു ബാഗിലാക്കി ബാഗ് അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആശുപത്രിയിലുള്ള സമയത്ത് പോലീസ് പര്‍വിയെ ചോദ്യം ചെയ്യുകയും അവരുടെ സെല്‍ഫോണ്‍ പരിശോധിക്കുകയും ചെയ്തു. മൊബൈലില്‍ നിന്നുള്ള എസ്.എം.എസ് സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പര്‍വിയുടേത് നിയമവിരുദ്ധമായ ഗര്‍ഭഛിദ്രമാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു.

ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തതിന്റെ തെളിവുകളും ഫോണ്‍ സന്ദേശങ്ങളില്‍ നിന്നു ലഭിച്ചു. ഹോങ്കോങ്ങില്‍ നിന്നും ഓണ്‍ലൈനായി എത്തിച്ച മരുന്നാണ് പട്ടേല്‍ ഗര്‍ഭഛിദ്രത്തിന് ഉപയോഗിച്ചത്. തുടര്‍ന്ന് കുളിമുറിയില്‍ പ്രസവിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more