കോഴിക്കോട്: തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നുകാട്ടി എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ എക്സൈസ് മന്ത്രിക്ക് പരാതി നല്‍കി. എക്സൈസ് മന്ത്രിക്ക് പുറമെ മനുഷ്യാവകാശ കമ്മീഷന്‍, എക്സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കാണ് വനിതാ കമ്മീഷന്‍ പരാതി നല്‍കിയിരിക്കുന്നത്.
പുഴുക്കളെപ്പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നാണ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നത്. മാതൃഭൂമി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരാതിയില്‍ എക്സൈസ് കമ്മീഷണര്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരും മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണ് എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
You Must Read This: ‘മുന്നേ പറന്ന് മഞ്ഞപ്പട’; മുന്നേറ്റ നിരക്ക് കരുത്തേകാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്യാമ്പിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്
പല സ്ഥലത്തും മദ്യപിക്കുന്ന പുരുഷ ജീവനക്കാര്‍ക്കൊപ്പമാണ് ജോലി ചെയ്യേണ്ടി വരുന്നതെന്നും രാത്രി സമയത്തു വിളിച്ചു വരുത്തുന്നതുമായാണ് പരാതിയില്‍ പറയുന്നത്. ജോലി കഴിഞ്ഞാല്‍ പോലും വീട്ടില്‍ പോകാന്‍ അനുവദിക്കാറില്ലെന്നും പറയുന്ന പരാതിയില്‍ റെയ്ഞ്ച് ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് ടോയ്ലറ്റോ അത്യാവശ്യം വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നു.
വ്യാജ പരാതിയാണെന്നോ ഭ്രാന്തന്‍ ചിന്തയാണെന്നോ കരുതി മുഴുവന്‍ വായിക്കാതെ തള്ളിക്കളയരുതെന്നും ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുമെന്ന ഭയം കൊണ്ടാണ് പേരുപറയാന്‍ മടിക്കുന്നതെന്നും പറഞ്ഞാണ് പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് കീഴില്‍ വനിതാ റെയ്ഞ്ച് ഓഫീസുകള്‍ തുടങ്ങണമെന്ന ആവശ്യവും വനിതാ ജീവനക്കാരുടെ പരാതിയിലുണ്ട്.
സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യണമെങ്കില്‍ അസോസിയേഷന്‍ ഭാരവാഹികളേയോ മേലുദ്യോഗസ്ഥരേയോ തൃപ്തിപ്പെടുത്തേണ്ട ഗതികേടിലാണെന്നും പരാതിയില്‍ പറയുന്നു. “സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍മാര്‍ മുതല്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വരെ ദുഷ്ട ലാക്കോടെയാണ് തങ്ങളെ സമീപിക്കുന്നത്. അവരുടെ ഇംഗിതത്തിന് വഴങ്ങുന്നവര്‍ക്ക് മാത്രമാണ് സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയുന്നത്” പരാതിയില്‍ പറയുന്നു.