| Saturday, 3rd December 2022, 9:00 pm

അല്‍ഫോണ്‍സിന്റെ പെണ്ണുങ്ങള്‍ക്ക് സംഭവിച്ചത്; നേരത്തില്‍ നിന്നും പ്രേമത്തില്‍ നിന്നും ഗോള്‍ഡിലെത്തുമ്പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

നേരം, പ്രേമം എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകമനസില്‍ വലിയ സ്വീകാര്യത നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ നോക്കികണ്ട ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്തത്.

എന്നാല്‍ ഗോള്‍ഡ് കണ്ട പ്രേക്ഷകര്‍ ചോദിക്കുന്നത് ഇത് ചെയ്തത് നേരവും പ്രേമവും ചെയ്ത സംവിധായകന്‍ തന്നെയാണോ എന്നാണ്. അല്‍ഫോണ്‍സിന്റെ തന്നെ ചില മേക്കിങ് ശൈലികളും എഡിറ്റിങ്ങിലെ ചില നിമിഷങ്ങളും മാറ്റിനിര്‍ത്തിയാല്‍ തിരക്കഥയും സംവിധാനവും പാളിപ്പോയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

അല്‍ഫോണ്‍സിന്റെ മുന്‍ചിത്രങ്ങളിലുള്ളതും അതിന് പുറത്തുമുള്ള ഒട്ടുമിക്ക ചിത്രങ്ങളിലുമുള്ള താരങ്ങളും ചിത്രത്തില്‍ വന്നുപോകുന്നുണ്ട്. കഥാപാത്രങ്ങളുടെ ആധിക്യമുണ്ടായിട്ടും ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളുടെ എണ്ണം വളരെ കുറഞ്ഞുപോയി. ഉള്ള കഥാപാത്രങ്ങള്‍ക്ക് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

അല്‍ഫോണ്‍സിന്റെ ആദ്യചിത്രമായ നേരത്തില്‍ നസ്രിയയുടെ കഥാപാത്രത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. രണ്ടാമത്തെ ചിത്രമായ പ്രേമത്തില്‍ കഥാഗതിയില്‍ തന്നെ മാറ്റം വരുത്തുന്നത് സ്ത്രീകഥാപാത്രങ്ങളാണ്. എന്നാല്‍ മൂന്നാമത്തെ ചിത്രത്തിലെ നയന്‍താര പേരിനൊരു നായിക എന്ന നിലയിലേക്ക് ചുരുങ്ങിപ്പോയി. നയന്‍താര അവതരിപ്പിക്കുന്ന സുമംഗലി ഉണ്ണികൃഷ്ണന്റെ കല്യാണം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തില്‍ ചില സംഭവങ്ങള്‍ നടക്കുന്നത്.

ഈ കഥാപാത്രം ചിത്രത്തിലില്ലെങ്കിലും ഒന്നും സംഭവിക്കില്ല. കഥ കേട്ടിട്ട് തന്നെയാണോ നയന്‍താര ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് പ്രേക്ഷകര്‍ സംശയിച്ചാലും അത്ഭുതമൊന്നുമില്ല.

നയന്‍താര എന്നത് ഒരു ബ്രാന്‍ഡ് ആണ്. സൗത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയാണവര്‍. ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളില്‍ ഒരാള്‍. അഭിനയപ്രാധാന്യമുള്ള ലീഡ് റോളുകളില്‍ വന്ന് നയന്‍താര വിജയിപ്പിച്ച സിനിമകളെത്രയാണ്. പൃഥ്വിരാജിനെ മാത്രം കണ്ടല്ല, നയന്‍താരയെ കൂടി മുന്നില്‍ കണ്ടാണ് ആളുകള്‍ തിയേറ്ററിലേക്ക് വന്നത്. അങ്ങനെയൊരു താരത്തിന് യോജിച്ച തരത്തില്‍ ഒരു കഥാപാത്രത്തെ നല്‍കാന്‍ അല്‍ഫോണ്‍സിനായില്ല.

മല്ലിക സുകുമാരനാണ് മറ്റൊരു പ്രധാനകഥാപാത്രം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷിയുടെ അമ്മയായിട്ടാണ് മല്ലിക ചിത്രത്തിലെത്തിയത്. ചായയും പഴംപൊരിയും മാത്രമുണ്ടാക്കാനാണ് ഈ കഥാപാത്രം ചിത്രത്തിലെത്തുന്നത്. തുടര്‍ച്ചയായി വരുന്ന ചായ രംഗങ്ങള്‍ പ്രേക്ഷകരില്‍ ചിലര്‍ക്ക് രസകരമാവുമ്പോള്‍ ചിലര്‍ക്ക് ആവര്‍ത്തന വിരസതയുമുണ്ടാക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന അഭിപ്രായങ്ങള്‍.

നയന്‍താരയുടെ അമ്മയായി എത്തിയ ശാന്തികൃഷ്ണയും പേരിനൊരു അമ്മ കഥാപാത്രമായിരുന്നു. മറ്റൊരു പ്രധാനസ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത് ദീപ്തി സതിയാണ്. രണ്ട് പേര്‍ക്കും നാമമാത്രമായ സ്‌പേസാണ് ചിത്രം നല്‍കിയത്. ചുരുക്കി പറഞ്ഞാല്‍ രണ്ട് കല്യാണ പെണ്ണുങ്ങളും രണ്ട് അമ്മമാരുമാണ് ഗോള്‍ഡിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍.

പൊലീസ് സ്റ്റേഷനിലും ഒരു പൊലീസുകാരിയെ കാണിക്കുന്നുണ്ടെങ്കിലും അധികപറ്റായ അനേകം കഥാപാത്രങ്ങളില്‍ ഒന്ന് മാത്രമാണ് അവര്‍. ഡാന്‍സ് കളിക്കാനും പാട്ട് പാടാനും വേറെ രണ്ട് സ്ത്രീകള്‍ കൂടി ചിത്രത്തിലെത്തുന്നുണ്ട്.

Content Highlight: female characters in gold movie

We use cookies to give you the best possible experience. Learn more