അവാര്‍ഡുകള്‍ മുതല്‍ ബോക്‌സ് ഓഫീസ് വരെ; സ്ത്രീകള്‍ തിളങ്ങിയ 2024
Entertainment
അവാര്‍ഡുകള്‍ മുതല്‍ ബോക്‌സ് ഓഫീസ് വരെ; സ്ത്രീകള്‍ തിളങ്ങിയ 2024
ഹണി ജേക്കബ്ബ്
Tuesday, 31st December 2024, 7:42 pm

ഇന്ത്യ ഒട്ടാകെയുള്ള സിനിമ പ്രേമികള്‍ മലയാള സിനിമയെ ശ്രദ്ധിച്ച വര്‍ഷമായിരുന്നു 2024. തുടക്കം മുതല്‍ ഹിറ്റുകള്‍ മലയാളത്തില്‍ പിറന്നെങ്കിലും ഹിറ്റ് ചിത്രങ്ങളില്‍ സ്ത്രീകള്‍ ഇല്ല എന്ന വിമര്‍ശനം പല വഴി ചര്‍ച്ചയായിരുന്നു. എന്നാല്‍ വര്‍ഷം അവസാനിക്കുമ്പോള്‍ ഒരുപിടി മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ 2024ല്‍ മലയാളത്തില്‍ നിന്ന് പിറന്നിട്ടുണ്ട്.

നായകന്റെ കയ്യില്‍ തൂങ്ങി നടക്കുന്ന, ക്യൂട്ട്‌നെസ്സ് കാണിക്കുന്ന, രണ്ട് പാട്ടിലും റൊമാന്റിക് സീനിലും മാത്രം വന്ന് പോകുന്ന ടിപ്പിക്കല്‍ നായികമാര്‍ ഇന്ന് മലയാളത്തില്‍ നിന്ന് വരുന്നത് വളരെ കുറവാണ്. അത്തരത്തില്‍ നോക്കിയാല്‍ പേരിനൊരു പെണ്ണ് വേണ്ടതുകൊണ്ടുമാത്രം, കാഴ്ചക്കാരെ കയറ്റാന്‍ വേണ്ടി സ്ത്രീകളെ ഉപയോഗിക്കുന്ന പരിപാടി ഇപ്പോള്‍ ഇല്ലെന്ന് തന്നെ പറയാം. മലയാള സിനിമ സ്ത്രീകള്‍ക്ക് ഭ്രഷ്ട് കല്പിച്ചിട്ടില്ല. അതിന് ഉദാഹരണങ്ങളാണ് ഉള്ളൊഴുക്ക്, പ്രേമലു, സൂക്ഷ്മദര്ശിനി, ബോഗെയ്ന്‍വില്ല, കിഷ്‌ക്കിന്ധാ കാണ്ഡം തുടങ്ങിയവ.

മുകളില്‍ പറഞ്ഞ അഞ്ച് ചിത്രങ്ങളും അഞ്ച് തരത്തിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവയാണ്. അഞ്ചിലെയും പെണ്ണുങ്ങള്‍ കസറി. ചിത്രങ്ങളില്‍ അഭിനയിച്ച അഭിനേത്രികളെല്ലാം ഇതുവരെയുള്ള അവരുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളും സമ്മാനിച്ചിരുന്നു.

കേരളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റായ ചിത്രമായിരുന്നു പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തെ സാക്ഷാല്‍ രാജമൗലി പോലും അഭിനന്ദിച്ചിരുന്നു. പ്രേമലുവില്‍ നായിക റീനു ആയി എത്തിയത് മമിത ബൈജു ആയിരുന്നു. നോക്കിലും വാക്കിലും എല്ലാം റീനുവായി രൂപപ്പെട്ട മമിത, പ്രേമലു എന്ന ഒറ്റ ചിത്രംകൊണ്ടുതന്നെ കേരളത്തിലും തമിഴ്‌നാട്ടിലും ആരാധകരെ ഉണ്ടാക്കി. ചിത്രത്തിലെ മമിതയുടെ ഹെയര്‍ സ്‌റ്റൈലും ഡ്രസ്സിങ്ങുമെല്ലാം പിന്നീട് ട്രെന്‍ഡ് സെറ്ററായി മാറിയുന്നു. റോം കോം ഴോണറില്‍ ഇറങ്ങിയ പ്രേമലുവിന്റെ വലിയ വിജയത്തില്‍ നായിക മമിതയുടെ പങ്ക് അത്ര ചെറുതല്ല.

ഇന്ത്യയിലെ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നേടിയ ‘ഉള്ളൊഴുക്ക്’ ക്രിസ്റ്റോ ടോമി സിനിമയാക്കിയപ്പോള്‍ ലീലാമ്മയും അഞ്ജുവും ആയി എത്തിയത് ഉര്‍വശിയും പാര്‍വതി തിരുവോത്തും ആയിരുന്നു. പ്രേക്ഷകര്‍ക്ക് അധികം സുപരിചിതമല്ലാത്ത ട്രീറ്റ്‌മെന്റ് നല്‍കിയ ചിത്രം നിരൂപക പ്രശംസ നേടുകയും ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ലീലാമ്മയായി ‘ജീവിച്ച’ ഉര്‍വശിക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.

നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിച്ച ചിത്രമായിരുന്നു സൂക്ഷ്മദര്‍ശിനി. പ്രിയദര്‍ശിനിയായി മറ്റൊരാളെയും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം അത്രമേല്‍ മനോഹരമായാണ് നസ്രിയയുടെ പ്രകടനം. കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും ഇനിയെന്ത് എന്ന ആകാംക്ഷ നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞപ്പോള്‍ ഈ വര്‍ഷത്തെ മികച്ച ത്രില്ലര്‍ സിനിമകളുടെ ഗണത്തിലേക്ക് സൂക്ഷ്മദര്‍ശിനി നടന്നു കയറി. പുരുഷന്മാര്‍ കേസ് അന്വേഷിച്ച് തുമ്പുണ്ടാക്കുന്ന ക്ലിഷെ പൊളിച്ചെഴുതിയ സൂക്ഷ്മദര്‍ശി അന്‍പത് കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കി.

സാധാരണ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെയെല്ലാം ഹൈലൈറ്റ് സംവിധായകന്റെ പേര് തന്നെയായിരുന്നു. എന്നാല്‍ ബോഗെയ്ന്‍വില്ല എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ജ്യോതിര്‍മയി എന്ന ആര്‍ട്ടിസ്റ്റിന്റെ തിരിച്ച് വരവായിരുന്നു. റീത്തു എന്ന കഥാപാത്രമായി ജ്യോതിര്‍മയിയുടെ അതിഗംഭീരം പ്രകടനമായിരുന്നു പ്രേക്ഷകര്‍ കണ്ടത്. പതിനാല് വര്‍ഷത്തോളം നീണ്ട ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയതിന്റെ യാതൊരുവിധ പതര്‍ച്ചയും ജ്യോതിര്‍മയിക്ക് ഉണ്ടായിരുന്നില്ല. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഷോ സ്റ്റീലര്‍ ആയതും ജ്യോതിര്‍മയി തന്നെയായിരുന്നു.

ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുന്ന ചിത്രമാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌ക്കിന്ധാ കാണ്ഡം. അഭിനേതാക്കളുടെ മികച്ച പ്രകടനവും ശക്തമായ തിരക്കഥയുമായിരുന്നു കിഷ്‌ക്കിന്ധാ കാണ്ഡത്തിന്റെ ശക്തി. അപ്പുപിള്ളയെ അവതരിപ്പിച്ച വിജയരാഘവനും അജയന്‍ ആയെത്തിയ ആസിഫ് അലിയും മികച്ച അഭിപ്രായങ്ങള്‍ നേടിയപ്പോള്‍ ഇരുവരോടൊപ്പം കട്ടക്ക് നില്‍ക്കാന്‍ അപര്‍ണ ബാലമുരളിക്കായി. യഥാര്‍ത്ഥത്തില്‍ ചിത്രം സഞ്ചരിക്കുന്നത് അപര്‍ണയിലൂടെയാണ്. വമ്പന്‍ ഓണം റിലീസുകള്‍ക്കിടയില്‍ സര്‍പ്രൈസ് ഹിറ്റടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.

ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാകും നിരൂപക പ്രശംസ നേടാനും ഈ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ എണ്ണം പറഞ്ഞ ഒരുപിടി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളും കഥാപാത്രങ്ങളും പിറന്ന വര്‍ഷമാണ് 2024.

Content Highlight: Female Centric Film In Malayalam 2024

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം