| Friday, 17th January 2014, 6:31 pm

ഫേസ്ബുക്ക് പരാമര്‍ശം: അണിമക്കെതിരെ ഒരു വിഭാഗം വനിതാ അഭിഭാഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: പുരുഷ അഭിഭാഷകര്‍ക്കെതിരെ ഫേസ്ബുക്ക് പരാമര്‍ശം നടത്തിയതിനെതുടര്‍ന്ന് അഭിഭാഷകയായ അണിമയെ സസ്‌പെന്റ് ചെയ്ത കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ നടപടിയെ പൂര്‍ണമായും പിന്തുണക്കുന്നതായി ബാറിലെ ഒരു വിഭാഗം വനിതാ അഭിഭാഷക പ്രതിനിധികള്‍.

അണിമ അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പിന്തുണക്കാന്‍ തയാറാണെന്നും എന്നാല്‍ ഗുരുതരവും അടിസ്ഥാനരഹിതവും അവ്യക്തവും പരസ്പര വിരുദ്ധവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് അഭിഭാഷക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അണിമ അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ ആരെന്ന് വ്യക്തമാക്കണം. മുഴുവന്‍ അഭിഭാഷകരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്നും ഫേസ്ബുക്ക് പരാമര്‍ശം വനിതാ അഭിഭാഷകരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഇവര്‍ ആരോപിച്ചു.

സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് അറിയുന്ന അഭിഭാഷക ഫേസ്ബുക്കിലൂടെയാണോ നീതിതേടേണ്ടിയിരുന്നത് എന്നും വനിതാ അഭിഭാഷകര്‍ ചോദിച്ചു.
കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന മുതിര്‍ന്ന വനിതാ അഭിഭാഷകരോട് മോശമായാണ് അണിമ പെരുമാറിയതെന്നും അന്വേഷണത്തിന് ഹാജരാകാന്‍ മൂന്നുതവണ അവസരം നല്‍കിയിട്ടും ഹാജരായില്ലെന്നും അവര്‍ പറഞ്ഞു.

ബാര്‍ അസോസിയേഷന്റെ അന്വേഷണങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടിയാണ് അണിമ നല്‍കിയത്. അണിമയോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവരുടെ പേര് വെളിപ്പെടുത്തണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

അഭിഭാഷകരായ വി.എം. ലീലാവതി, വി.സി. ഗീതാമണി, ലീല സുകുമാരന്‍, പി. ജ്യോത്സന, ഒ.എം. ഷാഹിന തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

“ലോകത്തെല്ലായിടത്തും കാര്യങ്ങള്‍ ഇതുപോലെ ആണോ എന്നറിയില്ല. പൊന്നുമോളെ, പഞ്ചാരക്കട്ടി എന്നിങ്ങനെ വിളിച്ച് യുവതികളെ സംരക്ഷിക്കാനെന്ന വ്യാജേന അഭിഭാഷകര്‍ എത്തുന്നത് നാണക്കേടാണ്. പൈങ്കിളി വര്‍ത്തമാനവുമായെത്തുന്ന പോങ്ങന്‍മാരെ കാണുമ്പോള്‍ പുച്ഛം തോന്നുന്നു. ” എന്നാണ് ഫെയ്‌സ്ബുക്കില്‍ അണിമ പോസ്റ്റുചെയ്തിരുന്നത്.

ഒക്ടോബറിലായിരുന്നു അണിമ പോസ്റ്റിട്ടത്.  രണ്ട് മാസത്തിന് ശേഷമാണ് ബാര്‍ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

പരീക്ഷയായതിനാല്‍ വിശദീകരണം നല്‍കാന്‍ സമയം വേണമെന്നപേക്ഷിച്ചിട്ടും ബാര്‍ അസോസിയേഷന്‍ തയ്യാറായില്ലെന്ന് അണിമ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കുക പോലും ചെയ്യാതെയാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് പുറത്താക്കിയിരിക്കുന്നതെന്നും അണിമ നേരത്തെ പറഞ്ഞിരുന്നു.

ബാറിലെ മുഴുവന്‍ അഭിഭാഷകരെ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സ്ത്രീകള്‍ക്ക് നീതി കൊടുക്കേണ്ടവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അപലപനീയമാണെന്നും അണിമ പറഞ്ഞു

We use cookies to give you the best possible experience. Learn more