| Thursday, 2nd January 2014, 8:47 am

അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ അഭിപ്രായമിട്ട അഭിഭാഷകയ്ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോഴിക്കോട്:  അപമര്യാദയായി പെരുമാറിയ അഭിഭാഷകര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവഅഭിഭാഷകയ്ക്ക് ബാര്‍ അസോസിയേഷന്റെ വിലക്ക്.

വടകര സ്വദേശിനി എം അണിമയെയാണ് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ അന്വേഷണവിധേയമായി ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

പൈങ്കിളി വാക്കുകളുമായി ചുറ്റിക്കറങ്ങുന്ന അഭിഭാഷകര്‍ക്കെതിരെ പോങ്ങന്‍മാര്‍ എന്ന് വിളിച്ച് പോസ്റ്റ് ചെയ്തതിനാണ് സസ്‌പെന്‍ഷന്‍.

“ലോകത്തെല്ലായിടത്തും കാര്യങ്ങള്‍ ഇതുപോലെ ആണോ എന്നറിയില്ല. പൊന്നുമോളെ, പഞ്ചാരക്കട്ടി എന്നിങ്ങനെ വിളിച്ച് യുവതികളെ സംരക്ഷിക്കാനെന്ന വ്യാജേന അഭിഭാഷകര്‍ എത്തുന്നത് നാണക്കേടാണ്. പൈങ്കിളി വര്‍ത്തമാനവുമായെത്തുന്ന പോങ്ങന്‍മാരെ കാണുമ്പോള്‍ പുച്ഛം തോന്നുന്നു. “- എന്നാണ് ഫെയ്‌സ്ബുക്കില്‍ അണിമ കുറിച്ചത്.

ഒക്ടോബറിലായിരുന്നു അണിമ പോസ്റ്റിട്ടത്.  രണ്ട് മാസത്തിന് ശേഷമാണ് ബാര്‍ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

പരീക്ഷയായതിനാല്‍ വിശദീകരണം നല്‍കാന്‍ സമയം വേണമെന്നപേക്ഷിച്ചിട്ടും ബാര്‍ അസോസിയേഷന്‍ തയ്യാറായില്ലെന്ന് അണിമ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കുക പോലും ചെയ്യാതെയാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് പുറത്താക്കിയിരിക്കുന്നതെന്നും അണിമ പറഞ്ഞു.

ബാറിലെ മുഴുവന്‍ അഭിഭാഷകരെ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സ്ത്രീകള്‍ക്ക് നീതി കൊടുക്കേണ്ടവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അപലപനീയമാണെന്നും അണിമ പറഞ്ഞു.

അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും അസോസിയേഷനിലെ കാര്യങ്ങള്‍ പുറത്ത് പറയുന്നില്ലെന്നുമാണ് ഭാരവാഹികള്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more