ന്യൂദല്‍ഹി: ചേലാകര്‍മ്മത്തിന് ഇരയായതിന്റെ അനുഭവം തുറന്നു പറഞ്ഞ് നടി ശോഭിക ധുളിപാല. ദാവൂതി ബോറ സമുദായത്തിന്റെ ശാക്തീകരണത്തിനായി രൂപം കൊണ്ട സാഹിയോ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് നടിമാര്‍ അവരുടെ അനുഭവം വിശദീകരിച്ചത്.
ഈ ആചാരത്തിന്റെ അടിസ്ഥാനമെന്താണെന്നാണ് ഇതിന് ഇരയായ നടിമാര്‍ ചോദിച്ചത്. നടി ശോഭിത ധുളിപാല തന്റെ അനുഭവം വിശദീകരിക്കുന്നതിങ്ങനെയാണ്:
അറിയപ്പെടുന്ന വിദ്യാസമ്പന്നരുടെ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വ്യത്യസ്തമായി ചിന്തിക്കാന്‍ എനിക്ക് എപ്പോഴും സ്വാതന്ത്ര്യം നല്‍കിയിരുന്നു. മാതാപിതാക്കളില്‍ നിന്നും വലിയ പിന്തുണയും ലഭിച്ചിരുന്നു. ഞാനും വിദ്യാസമ്പന്നയാണ്. എന്റെ സഹോദരങ്ങള്‍ക്കു നല്‍കുന്ന അതേ അവകാശങ്ങള്‍ എനിക്കും ലഭിച്ചിരുന്നു. ഞാനൊരു മകളായിരുന്നു. പക്ഷേ ഒരു മകനെപ്പോലെയായിരുന്നു വളര്‍ത്തിയത്.
ഏഴാം വയസില്‍ എനിക്ക് ചേലാകര്‍മ്മത്തിന് വിധേയയാവേണ്ടി വന്നു. ചേലാകര്‍മ്മം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഏഴാം വയസില്‍ എനിക്ക് അത് അറിയില്ലായിരുന്നു. എന്താണ് ചേലാകര്‍മ്മം എന്നെനിക്ക് അറിയില്ലായിരുന്നു. പക്ഷേ എന്താണ് അന്ന് എനിക്ക് സംഭവിച്ചതെന്ന് നന്നായി അറിയാം.
ആ ദിവസം വളരെ വ്യക്തമായി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പൂനെയിലെ ഒരു കെട്ടിടമായിരുന്നു അത്. വളരെ വൃത്തിഹീനമായ തിരക്കേറിയ ഒരിടം. നമ്മളെന്തിനാണ് ഇത്രയും വൃത്തികെട്ട ഈ കെട്ടിടത്തില്‍ വന്നതെന്നതായിരുന്നു എന്റെ ചിന്ത. അമ്മയ്ക്ക് ഇവിടെ ആരെയാ പരിചയമെന്ന് ഓര്‍ത്തു.
തീര്‍ത്തും അപരിചിതയായ ഒരു ആന്റിയെ കണ്ടു. ഞാനാകെ അത്ഭുതപ്പെട്ടുപോയി. അമ്മ പറഞ്ഞു, അവര്‍ സുഹൃത്താണെന്ന്.
ആന്റി എന്നെ തന്നെ കുറച്ചുനേരം നോക്കി. പിന്നെ ഞങ്ങളോട് അവരുടെ പിറകേ ചെല്ലാന്‍ ആവശ്യപ്പെട്ടു.
ഒരു കാലിയായ മുറിയില്‍ അവര്‍ എന്നെ കൊണ്ടുപോയി. അവിടെ നിലത്ത് ഒരു ബെഡ്ഷീറ്റ് മാത്രമാണുണ്ടായിരുന്നത്. ഞാന്‍ എന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പ് അവരെന്നോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. ഞാനാകെ ആശയക്കുഴപ്പത്തിലായി. പേടിയുമുണ്ടായിരുന്നു. അപരിചിതരെ സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് അമ്മ പറഞ്ഞു തന്നിരുന്നു. ഞാന്‍ അമ്മയെ നോക്കി.
പക്ഷേ അമ്മ, അവര്‍ സുഹൃത്താണ്, പറയുന്നതുപോലെ അനുസരിക്കൂവെന്ന് പറഞ്ഞു. ഞാന്‍ അവര്‍ പറഞ്ഞതുപോലെ ചെയ്തു. ആന്റി പറഞ്ഞു, “പേടിക്കേണ്ട, അമ്മയില്ലേ ഇവിടെ, പിന്നെ ഞങ്ങളൊക്കെ ഇല്ലേ” എന്ന്.
അമ്മയും എന്റെ അരികിലേക്ക് വന്ന് ഇരുവരും ചേര്‍ന്ന് എന്റെ കൈകള്‍ പിടിച്ചുവെയ്ക്കാന്‍ പറഞ്ഞു. എന്തിനാണ് ഇതെല്ലാമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഭയം കാരണം ശബ്ദം പുറത്തുവന്നില്ല.
അമ്മ കൈയ്യും കൂടെയുണ്ടായിരുന്ന ബന്ധു കാലും മുറുകെ പിടിച്ചിരുന്നു. ആ ആന്റി മൂര്‍ച്ഛയുള്ള ഒരു ബ്ലേഡുമായി എന്റെ കാലിനിടയിലേക്കു നീങ്ങി. പിന്നെ അസഹനീയമായൊരു വേദനയായിരുന്നു. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. ആ ആന്റി കുറച്ചു തുണികള്‍ കൊണ്ട് മുറിവില്‍ പൊതിഞ്ഞു.
അമ്മ ആന്റിക്ക് എന്തൊ പൈസ കൊടുത്തു. ഞങ്ങള്‍ തിരിച്ചുപോന്നു. തിരിച്ചുവരും വഴി എന്താണ് അവര്‍ ചെയ്തതെന്ന് അമ്മയോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിലും വലിയ ചോദ്യം, എന്തിനാണ്? എന്നതായിരുന്നു. പക്ഷേ വേദനയും ഭയവും കാരണം ചോദിച്ചില്ല. തിരിച്ചുവരും വഴി അമ്മ കുറച്ചു ബലൂണുകളും വാങ്ങിത്തന്നിരുന്നു. നടന്നതൊന്നും അച്ഛനോടോ സഹോദരങ്ങളോടോ പറയരുതെന്ന് അമ്മ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞാനൊരിക്കലും അവരോടിത് പറഞ്ഞില്ല.
ഇന്ന് ഈ പ്രായത്തിലും ആ വേദന ഞാനോര്‍ക്കുന്നു. ആ പേടിയും സങ്കടവും ഉത്തരങ്ങളില്ലാത്ത ഒരുപാട് ചോദ്യങ്ങളും ഓര്‍ക്കുന്നു.
ഒരു കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ബലപ്രയോഗത്തിലൂടെ സ്പര്‍ശിക്കുന്നത് ബാലപീഡനമാണെങ്കില്‍ എന്തിനാണ് എന്റെ അമ്മ ആ അപരിചിതയെ എന്റെ ലൈംഗികാവയവം സ്പര്‍ശിക്കാന്‍ അനുവദിച്ചത്. എന്തിനാണവര്‍ എന്നെ അവിടെ കൊണ്ടുപോയത്? ഇത് എനിക്ക് ദോഷമാണെന്ന് എന്തുകൊണ്ട് അവര്‍ തിരിച്ചറിഞ്ഞില്ല?
ഞാന്‍ ചോദിച്ച ഏറ്റവും വലിയ ചോദ്യം ഇതായിരുന്നു, “എന്തായിരുന്നു മുറിക്കപ്പെട്ടത്?”