ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ മറുനാടന്‍ മലയാളി അസോസിയേഷന്റെ (ഫെയ്മ) യുടെ പ്രഥമ കലാ അര്‍പ്പണ പുരസ്‌കാരം നടന്‍ ജഗതിശ്രീകുമാറിന്. ചലച്ചിത്രരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.
ഈ മാസം ഒമ്പത്, പത്ത് തീയതികളിലായി ചെന്നൈ കോയമ്പേട്ടില്‍ നടക്കുന്ന മറുനാടന്‍ മലയാളി മഹാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം ജഗതി ശ്രീകുമാറിന് സമ്മാനിക്കും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കല്‍പ്പക ഗോപാലന്‍, ജനറല്‍ സെക്രട്ടറി റെജികുമാര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
കോയമ്പേട് സെയ്ന്റ് തോമസ് കോളേജ് ഫോര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍ഡ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക.
2012 മാര്‍ച്ച് മാസം തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ദീര്‍ഘ കാലമായി അഭിനയജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് ജഗതി. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ചലന ശേഷിയും സംസാര ശേഷിയും നഷ്ടമായിരുന്നു.
അടുത്തിടെ കെ. മധുവിന്റെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മുമ്പിറങ്ങിയ സി.ബി.ഐ ചിത്രങ്ങളിലെ കഥാപാത്രമായ വിക്രമായി തന്നെയാണ് അഞ്ചാം ഭാഗത്തിലും ജഗതി അഭിനയിച്ചത്. കുറച്ച് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ജഗതിയുടെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.
Content Highlight: FEMA Kala Arpana award to Jagathy Sreekumar