| Monday, 20th April 2020, 12:50 pm

'വീട്ടിലിരുന്ന് മടുത്തു, അതുകൊണ്ടാണ് സന്യാസിയെ കാണാന്‍ പോയത് '; ലോക്ക്ഡൗണ്‍ ലംഘിച്ച് 250 കിലോമീറ്റര്‍ യാത്ര ചെയ്ത് ഛത്തീസ്ഗഢ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ഗഡ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് 250 കിലോമീറ്റര്‍ യാത്ര ചെയ്ത് ഛത്തീസ്ഗഢ് എക്‌സൈസ് മന്ത്രി കവാസി ലഖ്മ.

റായ്ഗഡിലുള്ള ഒരു സന്യാസിയെ കാണാന്‍ വേണ്ടിയായിരുന്നു മന്ത്രിയുടെ ഈ യാത്ര. വീട്ടില്‍ ഇരുന്ന് മടുത്തത് കൊണ്ട് യാത്ര ചെയ്തതാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. സുരക്ഷാ ഉദ്യോഗസ്ഥരേയും കൂട്ടിയായിരുന്നു മന്ത്രിയുടെ ഈ യാത്ര.

‘റായ്പൂരിലെ വീട്ടിലിരുന്ന് എനിക്ക് മടുത്തു. അതുകൊണ്ട് ഞാന്‍ റായ്ഗഡിലെത്തി മഹാത്മ ജിയെ കണ്ടു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ കടമ’ എന്നായിരുന്നു റായ്പൂരിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്.

‘കൊവിഡ് പ്രതിരോധത്തിനായി ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. ലോക്ക് ഡൗണ്‍ നീക്കാന്‍ ജില്ലകള്‍ അഭ്യര്‍ത്ഥിച്ചാല്‍ അത് നടപ്പിലാക്കും. സംസ്ഥാനം കൊവിഡിന്റെ പിടിയിലാണ്. ഡോക്ടര്‍മാരും അധികൃതരും സാധാരണക്കാരുമുള്‍പ്പെടെയുള്ളവര്‍ കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്.’ ലഖ്മ പറഞ്ഞു.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ തുടരവേയാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി മന്ത്രിയുടെ യാത്ര. മെയ് മൂന്ന് വരെ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച മന്ത്രിക്കെതരെ നടപടിയുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മന്ത്രിയോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more