ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറ്റ ചങ്ങാതി(khas dost, special friend)യെന്ന് വിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യയിലെത്തിയ ബോറിസ് ജോണ്‍സണ്‍ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ നല്‍കിയ സ്വീകരണത്തിന് ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു. ഇന്ത്യക്കാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും അമിതാഭ് ബച്ചനെയും സ്വീകരിക്കുന്നതുപോലെ തന്നെ പരിഗണിച്ചെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഈ വര്‍ഷം ദീപാവലിയോടെ ഇന്ത്യയും യു.കെയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാനുള്ള പാതയിലാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇന്ത്യ-യു.കെ ബന്ധം പ്രതീക്ഷ നല്‍കുന്നതാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ഏറ്റവും മികച്ച അവസ്ഥയിലുള്ളതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബോറിസ് ജോണ്‍സണെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മോദി സ്വീകരിച്ചത്. ഇന്ത്യ- യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു.
പ്രതിരോധം, വ്യാപാരം, ക്ലീന്‍ എനര്‍ജി എന്നിവയില്‍ സഹകരണം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇടപാട് പെട്ടെന്നു നടക്കാന്‍ ഇന്ത്യയ്ക്കു വേണ്ടി ഓപ്പണ്‍ ജനറല്‍ എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് യു.കെ പുറത്തിറക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉയരുന്ന ഭീഷണിയില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായവും ബ്രിട്ടണ്‍ വാഗ്ദാനം ചെയ്തു.