national news
ദളിത് യുവാവിനെ പ്രണയിച്ചു; കര്‍ണാടകയില്‍ പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊന്നു; ജീവനൊടുക്കി കാമുകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 28, 08:10 am
Wednesday, 28th June 2023, 1:40 pm

ബെംഗളുരു: കര്‍ണാടകയിലെ കോലാറില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മകളെ പിതാവ് കൊലപ്പെടുത്തി. തുടര്‍ന്ന് കൊലപാതക വാര്‍ത്ത കേട്ട കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോധഗുര്‍കി സ്വദേശിനിയായ കീര്‍ത്തിയെയാണ്(20) പിതാവ് കൃഷ്ണമൂര്‍ത്തി കൊലപ്പെടുത്തിയത്. ഗംഗാധര്‍ (24) ആണ് ആത്മഹത്യ ചെയ്തത്. ഇരുവരും ബോഡാഗുര്‍കി നിവാസികളാണ്.

യാദവ സമുദായക്കാരിയായ കീര്‍ത്തിയും ഗംഗാധറും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.  കീര്‍ത്തിയെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഗംഗാധര്‍ കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞിരുന്നു.

എന്നാല്‍ കീര്‍ത്തിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ലെന്ന് മാത്രമല്ല മകളും യുവാവും തമ്മില്‍ കാണരുതെന്നും വിലക്കി.

ചൊവ്വാഴ്ച കീര്‍ത്തിയും പിതാവും തമ്മില്‍ ഈ വിഷയത്തില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നുള്ള ദേഷ്യത്തില്‍ കൃഷ്ണ മൂര്‍ത്തി കീര്‍ത്തിയെ കഴുത്ത് ഞെരിച്ച്  കൊല്ലുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

കീര്‍ത്തിയുടെ മരണ വാര്‍ത്തയറിഞ്ഞ ഗംഗാധര്‍ ലാല്‍ബഗ് എക്‌സ്പ്രസ് ട്രെയ്‌നിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തില്‍ കാമാസമുദ്ര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

content highlights: fell in love with a Dalit youth; Father strangles daughter in Karnataka; Lover with life