| Monday, 26th June 2023, 9:22 am

എന്തൊക്കെ വിളമ്പിയാലും, 'പുറത്തൂന്ന് കഴിച്ചോണ്ട്, വീട്ടിലെ വായ്ക്കു പിടിക്കണില്ല' എന്നൊരു അവസ്ഥ; ഈ സീരീസ് അതിനൊരു അപവാദം ആവും

ഫെലിക്സ് ജോസഫ്

കേരള ക്രൈം ഫയല്‍സ് :
ഷിജു, പാറയില്‍ വീട്, നീണ്ടകര
( Malayalam | India | Dinsey Hotstar | 2023)

2011ല്‍ കൊച്ചിയിലെ ഒരു ഉടായിപ്പ് ലോഡ്ജ് മുറിയുടെ ബാത്റൂമില്‍ വെള്ളത്തില്‍ കുതിര്‍ന്നു സാരി കഴുത്തില്‍ മുറുക്കി കൊലപെടുത്തിയ നിലയില്‍ കാണപ്പെടുന്ന, ആ ഏരിയയിലെ തന്നെ ഒരു സെക്‌സ് വര്‍ക്കറുടെ ശവശരീരം. സംഭവം പൊലീസില്‍ അറിയിച്ചു. എസ്.ഐ. മനോജും ടീമും വന്നു കയറി ഒരു മണിക്കൂറില്‍ തന്നെ, ഇതൊരു സാധാ കൊലക്കേസ് മാത്രമെന്ന് ക്ലിയര്‍. മോട്ടീവ് ഒന്നും പറയാനില്ല, അബദ്ധം പറ്റിയ പോലെ ഒരു കൊല. അന്ന് വൈകുന്നേരം തന്നെ കൊല്ലപ്പെട്ട പെണ്ണിന്റെയും കൂടെ റൂം എടുത്തു മുങ്ങിയവന്റെയും ഡീറ്റെയില്‍സ് കിട്ടി. ‘ഷിജു, പാറയില്‍ വീട് നീണ്ടകര’ – ആഹാ, അങ്ങോട്ട് ചെല്ലുന്നു, അവനെ പൊക്കുന്നു.

കഴിഞ്ഞയാഴ്ച കല്യാണം കഴിഞ്ഞപ്പോ അപ്ലെ ചെയ്ത ലീവ് കുര്യന്‍ സാറിനോട് പറഞ്ഞു എടുക്കുന്നു, ഒരാഴ്ച ഇനി ഭാര്യയുടെ കൂടേ കറക്കം. മനോജ് എസ്.ഐ. മനോരാജ്യം വിടര്‍ത്തിയാണ് അന്ന് വീട്ടില്‍ ചെന്ന് കയറിയത്. അന്നുറങ്ങാന്‍ കിടക്കുമ്പോ, പാവം അറിഞ്ഞില്ല ഇനി അങ്ങോട്ട് ഒരാഴ്ച പട്ടി വെടിക്കെട്ടില്‍ പെട്ടത് പോലെ ഓടാന്‍ പോവാണ് താനും ടീമും എന്ന്. ഷിജു എന്നൊരു ആളോ ആ അഡ്രസോ നിലവിലില്ല എന്നതില്‍ തുടങ്ങി, ഓരോ എപ്പിസോഡിലും, ഒരു കിറുക്കന്‍ കോങ്കണ്ണനെ തിരഞ്ഞു തളര്‍ന്നു പോകുന്നൊരു നാല് പൊലീസുകാര്‍ക്ക് ഒപ്പമുള്ള യാത്രയാണ് ഈ സീരീസ്.

അര മണിക്കൂര്‍ മാത്രമുള്ള ആറ് എപ്പിസോഡ്, കണ്ടു തുടങ്ങിയാല്‍ ഒറ്റയിരിപ്പിന് തീര്‍ക്കും വിധം മൂന്ന് മണിക്കൂര്‍ കൊണ്ട്, നായാട്ട് പോലെയോ ജോസഫ് പോലെയോ ഒരു പൊലീസ് സ്റ്റോറി തികച്ചും എന്‍ഗേജിങ് ആക്കി, നല്ല ടെക്‌നിക്കല്‍ ക്വളിറ്റിയില്‍ ഇറക്കി എന്നത് മലയാളത്തില്‍ ആദ്യത്തെ അനുഭവം എന്ന് തന്നെ പറയാം. മനോരമ മാക്‌സില്‍ വന്ന മേനക എന്ന സീരീസ് മറക്കുന്നില്ല, പക്ഷെ മൂന്ന് എപ്പിസോഡില്‍ കണ്ടിരുന്നവന്റെ എല്ലാ ഇന്‍ട്രസ്റ്റും കളഞ്ഞു കുളിച്ച മേനക പോലൊരു പടക്കം അല്ലിത്. പിന്നെ ക്രൂവിനെ ഒട്ടും കുറച്ചു കാണരുത് – മധുരം എന്നൊരു ജോജു ചിത്രമോര്‍ക്കുന്നോ? അതിന്റെ മെയിന്‍ ക്രൂ ആണിത്, എഴുത്തുകാരന്‍ ആഷിഖ് ഐമര്‍, സംവിധായകന്‍ അഹമ്മദ് കബീര്‍, എക്‌സ്പീരിയന്‍സ് അന്നേ തെളിയിച്ചവര്‍, ഇവിടെ പാടെ വിഭിന്നമായ ഒരു ഴോണറില്‍ കത്തികയറുന്നത് കണ്ടിരിക്കാന്‍ തന്നെ ഒരു സുഖം.

അജു വര്‍ഗീസിന്റെ മനോജ് എസ്.ഐ. പോലെ ടീമിലെ ഓരോ പൊലീസുകാരന്റെയും പേഴ്‌സ്ണല്‍ സ്പേസ് & ഡെപ്ത് ആദ്യമേ തന്നെ കോറിയിട്ട്, അതിനുള്ളില്‍ നിന്നു കൊണ്ടാണ് ഓരോ എപ്പിസോഡും ചലിക്കുന്നത്. പണ്ടത്തെ മനോരമ മംഗളം നോവലുകള്‍ വായിക്കുന്ന ഒരു പ്രതീതി / നൊസ്റ്റാള്‍ജിയ ആണ് എനിക്കുണ്ടായത്. എന്തോ വല്യ ആന കുതിര മറിച്ച കഥയുണ്ടായിട്ടല്ല, ന്നാലും എന്തോ ഒന്നുണ്ട്, ഓരോ ലക്കത്തിനും വേണ്ടിയുള്ള കാത്തിരിപ്പിന് നമ്മെ പ്രേരിപ്പിച്ചതായി. അതാണ് ഈ സീരീസിന്റെ എഴുത്തുകാരനും കഴിഞ്ഞത്, അഭിനന്ദനങ്ങള്‍.

എന്നാലും ഈ സീരീസ് വിജയം, അയാളുടെ മാത്രമല്ല, കിടുക്കന്‍ മേക്കിങ്, ക്യാമറ ആംഗിളുകള്‍, കളര്‍ ടോണ്‍സ്, ആര്‍ട്ട് വര്‍ക്ക്, ലൊക്കേഷന്‍, ഫില്ലര്‍ ഷോട്‌സ്, ഡ്രോണ്‍ മൂവ്‌സ്, സര്‍വോപരി സീന്‍ കണ്ടിന്യൂവിറ്റി എല്ലാം നന്നായിരിക്കുന്നു. ഒരു സിനിമ കണ്ടുപോകുന്ന അതേ ക്വാളിറ്റിയില്‍ ഒരു മലയാളം വെബ് സീരീസ് ഇറങ്ങി എന്നത്, അതും ഹോട് സ്റ്റാര്‍ പോലെ ഒരു അറിയപ്പെടുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വാങ്ങി എന്നത് ഈ ഫീല്‍ഡില്‍ ചുവടുറപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് പ്രചോദനമാകുമെന്ന് തീര്‍ച്ച.

കാസ്റ്റിങ് പൊളിച്ചു. ഭൂരിഭാഗം ആളുകളും കഥാപാത്രമായി ജിവിച്ചു. അജു ഒട്ടും ചളമാകാതെ ജിവിച്ചു, ഹെലന്‍ ആയിരുന്നു ഇത്ര കയ്യടക്കത്തില്‍ ഇദ്ദേഹത്തെ കണ്ടൊരു വര്‍ക്ക്. പ്രദീപേട്ടന്‍ എന്ന പൊലീസുകാരനെ വേറെ ഒരു രൂപത്തില്‍ കണ്ടതില്‍ സന്തോഷം. സിന്‍സ് ഷാന്‍ സൂപ്പര്‍ ആയിരുന്നു കേട്ടോ. ആവേശം പൊലീസുകാരനായിരുന്ന വിനു സഞ്ചു സനിച്ചന്‍, ആ പുള്ളി പൊളിച്ചു – അവില്‍ മില്‍ക്ക് കഴിക്കാനോ ഇന്ത്യന്‍ കോഫി ഹൗസില്‍ ഒരു ചെറു ചായക്ക് കയറാനോ കഴിയാത്ത പാവത്തെ ഇഷ്ടമായി. നവാസ് വള്ളിക്കുന്നിന്റെ പോലീസ് കഥാപാത്രവും തികച്ചും ഭദ്രമായ പെര്‍ഫോമന്‍സ് ആയിരുന്നു. വളരെ കുറച്ചു സീനില്‍ മാത്രം വന്നു പോകുന്നവരും, പ്രത്യേകിച്ച് സിസിലി എന്ന വേഷം ചെയ്ത ഫെബി വി.എസ്, അത് പോലെ അജു വര്‍ഗീസിന്റെ ഭാര്യ വേഷം ചെയ്ത പെണ്‍കുട്ടി, ആദ്യ എപിസോഡില്‍ റിസപ്ക്ഷനിസ്റ്റ് ആയിരുന്ന ഹരിശങ്കര്‍ (ടാറിട്ട പുരികമുള്ള, വി മുട്ടായിടെ മുഖമുള്ള പ്രതിയെ പുള്ളി കഷ്ടപ്പെട്ട് പറഞ്ഞു കൊടുത്തിട്ടും രേഖ ചിത്രം വരയ്ക്കുന്നവന്‍ അങ്ങട് പോരാ, അതാ കിട്ടാഞ്ഞേ) വളരെ ഭംഗിയായി അവരവരുടെ വേഷങ്ങള്‍ ചെയ്തു, എക്സലന്റ് പെര്‍ഫോമന്‍സ്, അസാധ്യ കാസ്റ്റിങ്. ഹിഷാം അബ്ദുള്‍ വഹാബിന്റെ മ്യൂസിക് ഈ വര്‍ക്കിന്റെ നട്ടെല്ലെന്ന് തന്നെ പറയണം. ചില സീനിലെ ക്വിക് ട്രാന്‍സിഷന്‍ ട്രാക് & ഡ്രോപ്പ് സൈലന്‍സ് ഒക്കെ ഒരു മുഴുനീള ബി.ജി.എം. തരുന്നതിലും ഇംപാക്ട് ഉണ്ടാക്കി സീരീസിന്റെ ത്രില്‍ കൂട്ടാന്‍.

ലോകത്തിലെവിടെ നല്ലൊരു ദൃശ്യ അനുഭവം വന്നാലും തപ്പി പിടിച്ചു പോയി കാണുന്ന മലയാളിയെ തൃപ്തിപ്പെടുത്തുക അത്രയെളുപ്പമല്ല, ഈ ആഗോള ആസ്വാദന ശൈലി തിരിച്ചടിയാവുന്നത് മോളിവുഡിനു തന്നെയാണ്. എന്തൊക്കെ എടുത്തു വിളമ്പിയാലും, ‘പുറത്തൂന്ന് കഴിച്ചോണ്ട്, വീട്ടിലെ വായ്ക്കു പിടിക്കണില്ല ‘ എന്നൊരു അവസ്ഥ. ഈ സീരീസ് അതിനൊരു അപവാദം ആവും. എല്ലാവര്‍ക്കും റെക്കമന്റ് ചെയ്യുന്നു. കറിക്കരിഞ്ഞു കൊണ്ടോ, വൈകിട്ടൊരു ബിയര്‍ മൊത്തിയോ, നാളത്തെ ക്ലാസിനു പ്രിപ്പയര്‍ ചെയ്യുമ്പോഴോ നിങ്ങള്‍ക്കിത് കണ്ടു തുടങ്ങാം, എന്തായാലും മൂന്നാം എപ്പിസോഡില്‍ ബാക്കി പണി നാളെയാണേലും ചെയ്യാമെന്ന് പറഞ്ഞു നിങ്ങള്‍ക്ക് സ്‌ക്രീനിനു മുന്നില്‍ ഇരിക്കേണ്ടി വരും, അതാണ് ഗ്യാരണ്ടി.

Content Highlight: felix joseph’s write up on kerala crime files

ഫെലിക്സ് ജോസഫ്

We use cookies to give you the best possible experience. Learn more