| Friday, 11th October 2024, 11:19 am

നെയ്മറിനെ പോലെയാണവന്‍, ഉറപ്പായും എല്ലാവരെയും ഞെട്ടിക്കും; തുറന്നുപറഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ പ്രോഡിജി എസ്റ്റാവോ വില്യനെ പുകഴ്ത്തി ബ്രസീല്‍ മുന്നേറ്റ താരം ഫെലിപ്പെ ആന്‍ഡേഴ്‌സണ്‍. വില്യനെ നെയ്മറിനോടുപമിച്ചാണ് ആന്‍ഡേഴ്‌സണ്‍ പുകഴ്ത്തിയത്. നിലവില്‍ പാല്‍മീറസിന്റെ താരമായ 17കാരന്‍ അടുത്ത വര്‍ഷം ചെല്‍സിയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്.

15 വയസുള്ളപ്പോള്‍ പി.എസ്.ജി ടീമിലെത്തിക്കാന്‍ ശ്രമിച്ചതോടെയാണ് വില്യന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ചെല്‍സിയുമായി കരാറിലെത്തുന്നതിന് മുമ്പ് തന്നെ മികച്ച താരമെന്ന നിലയില്‍ അവന്‍ സ്വയം അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് മുന്‍ വെസ്റ്റ് ഹാം, ലാസിയോ താരം ആന്‍ഡേഴ്‌സണ്‍ വില്യനെ പുകഴ്ത്തുന്നത്. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്

’15 വയസുള്ളപ്പോള്‍ മുതല്‍ എനിക്ക് നെയ്മറിനെ അടുത്തിയാം. പ്രൊഫഷണല്‍ ലീഗില്‍ അവനെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് ഞാന്‍ നേരിട്ട് കണ്ടതാണ്. ഓരോ തവണയും അവന്‍ മെച്ചപ്പെട്ടുകൊണ്ടേയിരുന്നു. അവന്‍ ഓരോ നിമിഷവും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടയിരുന്നു.

ദിവസങ്ങള്‍ കഴിയും തോറും ഇതുതന്നെയാണ് എസ്റ്റാവോയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ഓരോ ട്രെയ്‌നിങ് സെഷനിലും ഓരോ മത്സരത്തിലും അവന്‍ വ്യത്യസ്തമായ ഓരോ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

അവന്‍ അനുദിനം വളരുകയാണ്. അവന്‍ കൂടുതല്‍ ഉയരങ്ങളിലെത്തണമെന്നാണ് ഞങ്ങള്‍ ഓരോരുത്തരും ആഗ്രഹിക്കുന്നത്. എതിരാളികള്‍ക്ക് അവനെ മാര്‍ക് ചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടാണ്, നെയ്മറിനെ പോലെ. തന്നെ മാര്‍ക് ചെയ്യാനെത്തുന്നവനേക്കാള്‍ പത്ത് മീറ്റര്‍ അവന്‍ എല്ലായ്‌പ്പോഴും മുമ്പിലാണ്.

അവന് പന്തുമായി ഇറങ്ങിച്ചെല്ലാനുള്ള കഴിവുണ്ട്, ഇടതുവിങ്ങിലൂടെയും വലതുവിങ്ങിലൂടെയും ആക്രമിക്കാനും അവന് സാധിക്കും. ഒരുപാട് കാര്യങ്ങള്‍ കാണിച്ചുതരാന്‍ അവന് സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ എല്ലാവരെയും അമ്പരപ്പിക്കും,’ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

നിലവില്‍ പരിക്കിന്റെ പിടിയിലായ താരം ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ സ്‌ക്വാഡിന്റെ ഭാഗമല്ല.

പാല്‍മീറസിനായി ഈ സീസണില്‍ കളത്തിലിറങ്ങിയ 23 മത്സരത്തില്‍ നിന്നും ഒമ്പത് ഗോളാണ് വില്യന്‍ അടിച്ചെടുത്തത്. ഏഴ് തവണ സഹതാരങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരവും താരം ഒരുക്കി നല്‍കി.

Content highlight: Felippe Anderson compares Estevao Willian with Neymar

Latest Stories

We use cookies to give you the best possible experience. Learn more