| Wednesday, 25th September 2024, 10:18 am

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ ഫെഫ്കയുടെ ടോൾ ഫ്രീ നമ്പര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ടോൾ ഫ്രീ നമ്പറുമായി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 ആണ് ഫെഫ്ക പുറത്തിറക്കിയ ടോൾ ഫ്രീ നമ്പര്‍. 24 മണിക്കൂറും സേവനം ലഭ്യമാകുമെന്ന് ഫെഫ്ക അറിയിച്ചു.

സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുകയെന്നും ഫെഫ്ക വ്യക്തമാക്കി. പരാതി ഗുരുതര സ്വഭാവമുള്ളതാണെങ്കില്‍ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.

ഇന്ന് (ബുധനാഴ്ച) ഉച്ചയോടെ നമ്പര്‍ ആക്റ്റീവ് ആകുമെന്നും സംവിധായക സംഘടന പറഞ്ഞു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച ഹേമ കമ്മിറ്റി, റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഫെഫ്കയുടെ നടപടി. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ബി. ഉണ്ണികൃഷ്ണനെതിരെ പരസ്യ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയിരുന്നു.

ഒളിഞ്ഞിരുന്നു ക്ലാസ് എടുക്കുന്ന പരിപാടി നിര്‍ത്തണമെന്നും തൊഴില്‍ നിഷേധത്തിന് നേതൃത്വം നല്‍കിയ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് പുറത്താക്കണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ വിയോജിപ്പില്‍ ആഷിഖ് അബു സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി ഒന്നിലധികം ആളുകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്മാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, എം. മുകേഷ്, ബാബുരാജ് തുടങ്ങിയവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയരുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയുമുണ്ടായി.

പിന്നാലെ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അറസ്റ്റ് ചെയ്യുന്നതില്‍ തടസങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖ് ഒളിവിലാണ്. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അതേസമയം നടനും എം.എല്‍.എയുമായ മുകേഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ വിട്ടയച്ചു.

Content Highlight: FEFKA toll free number for women in film industry to complain

We use cookies to give you the best possible experience. Learn more