കൊച്ചി: നടി ഹണി റോസിന് പിന്തുണയുമായി സിനിമ സംവിധായകരുടെ സംഘടനായ ഫെഫ്ക. ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നുവെന്നും ഹണിറോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി കാണുന്നുവെന്നുമാണ് ഫെഫ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
‘ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ’.
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള തുടര്‍ച്ചയായ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്.
നാല് മാസങ്ങള്‍ക്ക് മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിനിടെയാണ് ദ്വയാര്‍ത്ഥപ്രയോഗവുമായി ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ അധിക്ഷേപിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപം തുടരുകയായിരുന്നു. തന്നെ ഒരു പ്രമുഖന്‍ പിന്തുടര്‍ന്ന് അധിക്ഷേപിക്കുന്നുവെന്നാണ് ഹണി റോസ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്.
ഇനിയും അവഹേളനമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച മുപ്പതോളം പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും നിയമനടപടിയുണ്ടാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിലെന്ന വിവരം പുറത്തുവരുന്നത്.
ബോബി ചെമ്മണ്ണൂരിനെതിരായ നടപടിയില്‍ ആശ്വാസമെന്ന് ഹണി റോസ് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി എന്നിവരുമായി സംസാരിക്കാന്‍ കഴിഞ്ഞെന്നും ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഉടനെ രേഖപെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.