|

നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടി; ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണയുമായി ഫെഫ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് ഫെഫ്ക പ്രതികരിച്ചു.

‘സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്’, ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഫെഫ്ക കുറിച്ചു.

ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും ഫെഫ്ക പറഞ്ഞു.

വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.

വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയ് പി. നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

തനിക്ക് പരാതിയില്ലെന്നും താന്‍ ചെയ്ത തെറ്റ് മനസിലായെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു ഇയാള്‍ മാധ്യമങ്ങളോടും സംഭവ സമയം സ്ഥലത്തെത്തിയ പൊലീസിനോടും ആദ്യം പറഞ്ഞിരുന്നത്.

അതേസമയം സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തി വിജയ് പി. നായര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ ഭാഗ്യലക്ഷ്മിയെ മോശമായി ചിത്രീകരിച്ചതിന് സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

സൈബര്‍ നിയമപ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയ്. പി നായര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ലൈവിനിടെ തന്നെ അടുത്തത് ശാന്തിവിള ദിനേശ് ആണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരെ നിരന്തരമായി സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം നടത്തുകയാണെന്ന് ഇയാളെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു.

ഫെഫ്കയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്.

അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവര്‍ നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്. തീര്‍ച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, സൈബര്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ.

ഭാഗ്യലക്ഷ്മിയോട് ഐക്യദാര്‍ഢ്യം. അവരെ അപമാനപ്പെടുത്തിയ ആള്‍ക്കും അവര്‍ക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവര്‍ത്തികള്‍ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Video Stories