കൊച്ചി: പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടെത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഇടപെട്ട് സംവിധായകരുടെ സംഘടനയായ ഫെഫ്ക.
സംഭവത്തില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നതെന്നും വിശദീകരണം നല്‍കാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് സംഭവത്തെ കുറിച്ച് അറിഞ്ഞത്. ബിനീഷ് ബാസ്റ്റിനുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി സംസാരിക്കും. കേരളം എന്തിന് വേണ്ടി നിലനില്‍ക്കുന്നുവോ, ആ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് ഈ വീഡിയോയില്‍ കണ്ടത്. ഫെഫ്കയ്ക്ക് ആ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്’- ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്. ഇന്നലെ വൈകീട്ട് ആറ് മണിക്കായിരുന്നു പരിപാടി.
തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തിയത്. കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള്‍, മാസിക പ്രകാശനം ചെയ്യാന്‍ വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നും ബിനീഷിനോട് പറയുകയായിരുന്നു.
എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ബിനീഷ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തുകയും നിലത്തിരുന്ന് പ്രതിഷേധിക്കുകയും തനിക്കുണ്ടായ വിഷമം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച ശേഷം മടങ്ങുകയുമായിരുന്നു.