തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്ന ഫെഫ്ക അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. കൂടാതെ അതിജീവിതകള്‍ക്ക് പരാതി നല്‍കാനും നിയമസഹായം ഉറപ്പാക്കാനും സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ സംഘടന ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫെഫ്കയ്ക്ക് പുറമെ അമ്മ പോലുള്ള സംഘടനകളിലെ അംഗങ്ങള്‍ക്കും പരാതി നല്‍കാനും നിയമസഹായത്തിനും ഫെഫ്കയെ സമീപിക്കാം.
ഇതാദ്യമായാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പരസ്യ നിലപാട് ഫെഫ്ക സ്വീകരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടായിരുന്നു സംഘടന സ്വീകരിച്ചത്.
താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ പിരിച്ചുവിട്ടത് സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെയെന്ന് പ്രത്യാശിക്കുന്നതായി ഫെഫ്ക അഭിപ്രായപ്പെട്ടു.
അതിജീവിതകള്‍ക്ക് പരാതി നല്‍കുന്നതിനായി എന്തെങ്കിലും തരത്തിലുള്ള ഭയാശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ഫെഫ്ക ലഭ്യമാക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍സംഭവങ്ങളിലും ഇതര സിനിമാ സംഘടനുകളുമായി ആശയവിനിമയം നടത്താനും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു പൊതു നിലപാടിലേക്ക് എല്ലാ സംഘടനകളും ഒരുമിച്ച് എത്തിച്ചേരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനും ജനറല്‍ സെക്രട്ടറി, സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും ഫെഫ്ക അറിയിച്ചു.
Content Highlight: FEFKA’s first response on Hema committee Report