|

വിമര്‍ശനം വ്യക്ത്യധിക്ഷേപമാകരുത്, സംഘപരിവാറിന്റെ പേരെടുത്ത് പറയാതെ, എമ്പുരാനെ പിന്തുണച്ച് ഫെഫ്ക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗുജറാത്ത് കലാപത്തില്‍ പങ്കുള്ളവരാണ് രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവന കാരണം ആദ്യദിനം തന്നെ വ്യാപകമായ സൈബര്‍ ആക്രമണത്തിന് ഇരയായ ചിത്രമാണ് എമ്പുരാന്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായെത്തിയ എമ്പുരാന്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.

ഒടുവില്‍ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തുകയും വിവാദമായ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിനെതിരെ നടന്ന ആക്രമണത്തില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും പിന്തുണയുമായി പ്രസ്താവനയിറക്കിയിരിക്കുകയാണ് ചലച്ചിത്രക്കൂട്ടായ്മയായ ഫെഫ്ക.

തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫെഫ്ക പിന്തുണയറിയിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിനും നായകന്‍ മോഹന്‍ലാലിനുമെതിരെ നടന്ന സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരവും പ്രിഷേധാര്‍ഹവുമാണെന്നും ഫെഫ്ക പറഞ്ഞു. സിനിമയുടെ ഉള്ളടക്കത്തെയും രൂപത്തെയും വിമര്‍ശിക്കുന്നത് സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ ഫെഫ്ക, വിമര്‍ശം വ്യക്ത്യധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാകരുതെന്നും കൂട്ടിച്ചേര്‍ത്തു.

ഏതൊരു സംവാദത്തിന്റെയും ലക്ഷ്യം മറുവശത്തുള്ളവരെ നിശബ്ദരാക്കുകയല്ലെന്നും ഫെഫ്ക കുറിപ്പില്‍ പറയുന്നുണ്ട്. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഫെഫ്ക ചേര്‍ത്തുനിര്‍ത്തുന്നുണ്ടെന്നും ഫെഫ്ക പറഞ്ഞു. നിങ്ങള്‍ക്കൊരാളെ നിശിപ്പിക്കാം, എന്നാല്‍ തോല്‍പ്പിക്കാനവില്ലെന്നുമുള്ള ഹെമിങ്‌വേയുടെ വാചകത്തോടെയാണ് ഫെഫ്ക തങ്ങളുടെ കുറിപ്പ് അവസാനിക്കുന്നത്. എന്നാല്‍ സൈബര്‍ ആക്രമണം നടത്തിയ സംഘപരിവാറിനെക്കുറിച്ച് ഒരു വാക്ക് പോലും കുറിപ്പില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രസിദ്ധീകരണത്തിന്
‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ ശ്രീ.പൃഥ്വിരാജിനും മുഖ്യനടനായ ശ്രീ.മോഹൻലാലിനും എതിരെ (സാമൂഹ്യ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമർശിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
സർഗ്ഗാത്മകമായ വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ. എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർത്ഥകമായ ഏതു സംവാദത്തിൻ്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്.
എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ഞങ്ങൾ ചേർത്തു നിര്ത്തുന്നു. ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാൻ്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, “നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല.” കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിനെതിന്റെ കുടുംബത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഇന്നും ഉയര്‍ന്നിരുന്നു. പൃഥ്വിരാജിന്റെ പങ്കാളിയും നിര്‍മാതാവുമായ സുപ്രിയ അര്‍ബന്‍ നക്‌സലാണെന്നും അവരെ മല്ലിക സുകുമാരന്‍ നിലക്ക് നിര്‍ത്തണമെന്നും ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ പൊതുവേദിയില്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു.

അതേസമയം വിവാദങ്ങളില്‍ ഇതുവരെ തിരക്കഥാകൃത്ത് മുരളി ഗോപി പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. മോഹന്‍ലാലിന്റെ പോസ്റ്റ് ഇതുവരെ ഷെയര്‍ ചെയ്യാത്ത മുരളി ഗോപി തന്റെ ഫേസ്ബുക്ക് വാളില്‍ ഈദ് ആശംസ പോസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പതിപ്പ് വരുംദിവസങ്ങളില്‍ തിയേറ്ററുകളിലെത്തും. രണ്ട് മിനിറ്റ് 57 സെക്കന്‍ഡ് വരുന്ന ഭാഗങ്ങളാണ് നീക്കം ചെയ്തത്.

Content Highlight: FEFKA posted to support Empuraan