കൊച്ചി: നടി അര്‍ച്ചന പത്മിനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഫെഫ്കയില്‍ ഭിന്നത. നടിയുടെ വെളിപ്പെടുത്തലിനെ എതിര്‍ത്തും പിന്തുണച്ചുമാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.സംഘടനയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇതുസംബന്ധിച്ച തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.
അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ യൂണിയന്‍ ഷെറിനോട് വിശദീകരണം ചോദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ആരോപണ വിധേയനെ സംരക്ഷിക്കണമെന്ന് നിലപാടാണ് ചിലര്‍ എത്തിയിരിക്കുന്നത്.
അര്‍ച്ചന ആരോപണം ഉന്നയിച്ച പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ഷെറിന്‍ കലവൂരിനെ സംരക്ഷിക്കണമെന്നും സംഘടനയിലെ എല്ലാവരും ഈ വിഷയത്തില്‍ ഷെറിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് ഇവര്‍ പറയുന്നത്. നാളെ നമുക്കും തെറ്റ് പറ്റാമെന്നും നമ്മുടെ സഹോദരന് പ്രശ്‌നമുണ്ടായാല്‍ അവനൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നുമാണ് ഇവരുടെ വാദം.
ALSO READ: ‘എന്റെ മകന് ഡേറ്റിംഗിന് പോവാന്‍ സാധിക്കുന്നില്ല’; അമേരിക്കയില്‍ ‘ഹിം ടൂ’ ക്യാമ്പയിന്‍
മനുഷ്യരായാല്‍ തെറ്റുപറ്റാം. അത് തിരിച്ചറിഞ്ഞ് ശിക്ഷ അനുഭവിച്ച ആ വ്യക്തിക്ക് ഒരു കുടുംബമുണ്ടെന്ന് പൊതുവേദിയില്‍ തുറന്നുപറയുമ്പോള്‍ അഭിനേത്രി ഓര്‍ക്കണമെന്നായിരുന്നു ഒരു മെമ്പറുടെ അഭിപ്രായം. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സിനിമ സംവിധാനം ചെയ്യുന്നതിനെയും ഇവര്‍ ഈ വിഭാഗം പിന്തുണച്ചു. ദിലീപിന് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശമില്ലേയെന്നാണ് ഇവരുടെ വാദം.
എന്നാല്‍ ഷെറിനെതിരെ നടപടിയെടുത്തത് മേല്‍ കമ്മിറ്റിയാണെന്നും സസ്‌പെന്‍ഷനെതിരെ പരാതിയുമായി ഷെറിന്‍ ഇതുവരെ ഞങ്ങളെ സമീപിച്ചിട്ടില്ലെന്നും ഫെഫ്ക എക്‌സിക്യൂട്ടിവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സെവന്‍ ആര്‍ട്‌സ് മോഹനന്‍ പറഞ്ഞു.
മാധ്യമങ്ങളായും ഡബ്ല്യു.സി.സി.യുമായും ഇനി സഹകരിക്കരുതെന്നാണ് ചിലയാളുകളുടെ അഭിപ്രായം. വക്കിലന്‍മാരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ വക്കീലുമാര്‍ സ്വീകരിച്ച രീതി പിന്തുടരണമെന്നാണ് ഒരംഗം ഇതിനെ കുറിച്ച് പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ചിലയംഗങ്ങള്‍ എത്തി. എങ്ങിനെയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫെഫ്ക്കയെ അപമാനിച്ചതെന്നും ഇവര്‍ ചോദിച്ചു.