കൊച്ചി: ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസത്തിലേക്ക് സഹായവുമായി നടന്‍ ടൊവിനോ തോമസും. രണ്ട് ലക്ഷം രൂപയാണ് താരം ഫെഫ്ക്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് നല്‍കിയത്.
നടന്‍ പൃഥ്വിരാജും നേരത്തെ സഹായം എത്തിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വി സംഭാവന നല്‍കിയത്. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ബൃഹത്തായ സഹായ പദ്ധതിയാണിത്.
ഫെഫ്ക തന്നെയാണ് പൃഥ്വി സഹായം എത്തിച്ച വിവരം അറിയിച്ചത്. കൊവിഡ് കാലം സിനിമാ മേഖലയിലെ തൊഴിലാളികളെയും വലിയ ദുരിതത്തിലാണ് എത്തിച്ചത്.
സിനിമയില്ലാതെ ആയതോടെ സാമ്പത്തികമായി ഏറെ ദുരിതത്തിലാണ് സിനിമയിലെ സാധാരണക്കാരായ തൊഴിലാളികള്‍.
ഇത്തരം തൊഴിലാളികള്‍ക്കായിട്ടാണ് ഫെഫ്ക കൊവിഡ് സാന്ത്വന പരിപാടി രൂപീകരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് ധന സഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം.
കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കൊവിഡ് സാന്ത്വന പദ്ധതി.
അപേക്ഷകള്‍ ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനാ മെയിലിലേക്കാണ് അയയ്‌ക്കേണ്ടത്. കഴിഞ്ഞ തവണയും ഫെഫ്ക സമാനമായ രീതിയില്‍ സഹായങ്ങള്‍ എത്തിച്ചിരുന്നു.