സംവിധായകന്റെ മുറിയിലെ എക്‌സൈസ് പരിശോധനക്ക് പിന്നില്‍ ഗൂഡാലോചന; ഉദ്യോഗസ്ഥര്‍ പെരുമാറിയത് മോശമായി: ഫെഫ്ക
Movie Day
സംവിധായകന്റെ മുറിയിലെ എക്‌സൈസ് പരിശോധനക്ക് പിന്നില്‍ ഗൂഡാലോചന; ഉദ്യോഗസ്ഥര്‍ പെരുമാറിയത് മോശമായി: ഫെഫ്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th June 2023, 11:27 am

സംവിധായകന്‍ നജീം കോയ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ എക്‌സൈസ് പരിശോധനക്ക് പിന്നില്‍ ഗൂഡാലോചനയെന്ന് ഫെഫ്ക. നജീം താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ തിങ്കളാഴ്ച രാത്രിയിലാണ് എക്‌സൈസ് പരിശോധന ഉണ്ടായത്. പരിശോധനയുടെ സമയത്ത് നജീബിന് ഉദ്യോഗസ്ഥരില്‍ നിന്നും ദുരനുഭവം ഉണ്ടായെന്നും ഫെഫ്ക ജനറല്‍ സെക്രട്ടി ബി. ഉണ്ണികൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇതിനെ പറ്റി എക്‌സൈസിന് വിവരം കൊടുത്തയാളുടെ താല്‍പര്യം എന്താണെന്ന് അന്വേഷിക്കണം. ഫ്രെയ്മിങ് എന്നൊരു കുറ്റമുണ്ടെങ്കില്‍ അയാളുടെ പേര് പുറത്ത് വരണം. അയാള്‍ക്കെതിരെ നടപടി വേണം. ഇതിനകത്ത് ഒരു കൃത്യമായ സ്ട്രാറ്റജി ഉണ്ടായിരുന്നു. ഒരു മെറ്റീരിയല്‍ പ്ലാന്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ഒരാള്‍ സര്‍ക്കാര്‍ ഏജന്‍സിയെ തിരുവനന്തപുരത്ത് നിന്നും വിളിച്ചുകൊണ്ടുവരുമോയെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കുലറിലും പൊതുചടങ്ങുകളിലും പത്രസമ്മേളനങ്ങളിലുമെല്ലാം മുഖ്യമന്ത്രിയും ഡി.ജി.പിയും മാന്യമായി പെരുമാറണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നജീബിനോട് ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറിയതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഷയില്‍ മാന്യത തൊട്ടുതീണ്ടിയിട്ടില്ല. പതിനഞ്ചോ ഇരുപതോ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറെടുത്ത് ഒരു റൂം പരിശോധിച്ച ഓര്‍മ നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടോയെന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

ഉദ്യോഗസ്ഥര്‍ തന്റെ മുറിയില്‍ എന്തെങ്കിലും നിക്ഷേപിക്കുമോ എന്നായിരുന്നു തന്റെ ഭയം എന്ന് നജിം പറഞ്ഞു. ‘നിനക്കാരാണ് ഇത്ര വലിയ ശത്രുക്കളെന്ന് ഉദ്യോഗസ്ഥര്‍ തന്നെ എന്നോട് ചോദിച്ചിരുന്നു. 14 ദിവസം റൂമില്‍ താമസിച്ചിട്ടുണ്ട്. ആ മുറിയില്‍ ഇരുന്ന് ഞാന്‍ മദ്യപിച്ചിട്ട് പോലുമില്ല. രണ്ടര മണിക്കൂറാണ് എന്റെ മുറിയില്‍ പരിശോധന നടത്തിയത്. പരിശോധിച്ച ബാഗ് തന്നെ വീണ്ടും പരിശോധിക്കുകയാണ്.

ഓരോ റൂമിലേക്കും ഇവര്‍ കേറുമ്പോള്‍ ഞാനും പിറകെ ഓടും. ഇവര്‍ ഇവിടെ എന്തെങ്കിലും ഇടുമോ എന്നായിരുന്നു എന്റെ പേടി. എന്റെ കയ്യില്‍ ഒന്നുമില്ല എന്നുള്ളതാണ് എന്റെ ധൈര്യം. അവര്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. നീ ഭയങ്കര ആത്മവിശ്വസത്തിലാണല്ലേ എന്ന് ഈരാറ്റുപേട്ടയിലെ പൊലീസ് ഓഫീസര്‍ എന്നോട് ചോദിച്ചു. എവിടെ വേണമെങ്കിലും തപ്പിക്കോ ഇവിടെ ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു.

നിന്റെ കയ്യില്‍ സാധനമുണ്ടല്ലോ, എടുക്കെടാ, എന്നൊക്കെയാണ് പറഞ്ഞത്. എടാ പോടാ എന്ന് വിളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു,’ നജിം പറഞ്ഞു.

Content Highlight: Fefka alleges conspiracy behind excise raid on hotel room where director Najeem Koya was staying