കൊവിഡ് കാലത്തും എം.ജി യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു; പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍
Kerala News
കൊവിഡ് കാലത്തും എം.ജി യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു; പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd November 2020, 12:14 pm

കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ക്ക് വലിയ തുക ഫീസായി ഈടാക്കുന്നതായി പരാതി.

കൊവിഡ് മഹാമാരി കാലത്ത് തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേല്‍ വന്‍തുക അപേക്ഷ ഫീസായി ചുമത്തുന്നതിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ പറ്റി പറയുന്നത്.

നിലവില്‍ എം.ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷനില്‍ അപേക്ഷഫീസായി 5000 രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എസ്.സി,എസ്.ടി വിഭാഗത്തിന് 2500 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്രയും ഭീമമായ തുക സര്‍വകലാശാല അധികൃതര്‍ ഈടാക്കുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധമുയരുകയാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകയിലേക്ക് അപേക്ഷ ക്ഷണിച്ച് ഒക്ടോബര്‍ 30 ന് എം.ജി യൂണിവേഴ്‌സിറ്റി അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഈ അറിയിപ്പിലാണ് ഉദ്യോഗാര്‍ത്ഥികള്‍ ഈടാക്കേണ്ട ഫീസ് ഘടനയെപ്പറ്റി പറയുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇപ്പോഴത്തേതിന്റെ പകുതി തുകയായിരുന്നു ജനറല്‍ വിഭാഗത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. എസ്.സി, എസ്.ടി വിഭാഗത്തിന് 500 രൂപയുമായിരുന്നു.

ഇന്ത്യയിലെ മറ്റ് പല സര്‍വകലാശാലകളിലും 500- 1000 രൂപ വരെയാണ് അപേക്ഷാഫീസായി ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേല്‍ വന്‍തുക അടിച്ചേല്‍പ്പിക്കുന്നത്.

അതേസമയം 2019ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ അപേക്ഷ ഫീസ് 2000 രൂപയും 2017-ല്‍ കേരള യൂണിവേഴ്‌സിറ്റി ഇതേ തസ്തികയിലേക്ക് വിളിച്ചപ്പോള്‍ 1000 രൂപയുമായിരുന്നു.

ഇത്രയും വലിയ തുക ഇന്ത്യയില്‍ തന്നെ വേറൊരിടത്തുമില്ലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസിനോട് പ്രതികരിച്ച ഉദ്യോഗാര്‍ത്ഥി പറഞ്ഞത്.

‘ കേരളത്തിനു പുറത്തുള്ള ഒരു പ്രമുഖ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി ബിരുദം നേടിയയാളാണ് ഞാന്‍. അതുകൊണ്ടു തന്നെ മറ്റ് സര്‍വകലാശാലകളിലെ ഫീസ് പശ്ചാത്തലത്തെപ്പറ്റി അറിയാം. മറ്റൊന്ന്, എം.ജിയില്‍ തന്നെ 2018 ല്‍ അപേക്ഷ ഫീസായി ഏര്‍പ്പെടുത്തിയത് 1000 രൂപയാണ്.

കേരള സര്‍വകലാശാല അവരുടെ അവസാനത്തെ നോട്ടിഫിക്കേഷന്‍ അയച്ച സമയത്ത് ഫീസ് 1000 രൂപയായിരുന്നു, കാലടി യൂണിവേഴ്‌സിറ്റി 2000 രൂപ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2000 രൂപ, ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി 500 രൂപ അങ്ങനെ പലരും വാങ്ങുന്ന ഫീസാണ് ഈ പറഞ്ഞത്.

എന്നാല്‍ ഇവിടെ വാങ്ങുന്ന ഈ തുക ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാത്തയാളുകളാണല്ലോ ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നത്. അവരില്‍ നിന്ന് ഇത്രയും വലിയ തുക വാങ്ങുന്നത് ശരിക്കും കൊള്ളയാണ്. രണ്ട് അപേക്ഷകള്‍ നല്‍കാന്‍ 10000 രൂപ അപേക്ഷഫീസായി നല്‍കണമെന്നോക്കെ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്- ഉദ്യോഗാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സമാനമായ അഭിപ്രായം തന്നെയാണ് തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാര്‍ത്ഥിയ്ക്കും പറയാനുണ്ടായിരുന്നത്.

‘തൊഴില്‍രഹിതര്‍ക്ക് മേലാണ് ഈ ഉയര്‍ന്ന തുക അടിച്ചേല്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വേറെ ജോലിയ്ക്ക് പോയി അപേക്ഷയ്ക്ക് പണം കണ്ടെത്താമെന്ന പ്രതീക്ഷയുമില്ല. അത്തരമൊരു സാഹചര്യത്തില്‍ അപേക്ഷയ്ക്ക് മാത്രം 5000 രൂപ നല്‍കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പാരലല്‍ കോളെജുകള്‍ പോലും ഇല്ലാത്ത കാലമാണ്. വീട്ടുകാരെ ബുദ്ധിമുട്ടിക്കാനും പറ്റില്ല. യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ലഭിക്കുകയെന്നതും പ്രതിസന്ധിയിലായിരിക്കുകയാണ്’-    ഉദ്യോഗാര്‍ത്ഥി പറഞ്ഞു.

‘ഉന്നതബിരുദങ്ങള്‍ നേടാന്‍ ഇത്രയും ബുദ്ധിമുട്ടില്ല. അതിനനുസരിച്ചുള്ള ജോലി കിട്ടാനാണ് പ്രയാസം. അത്തരത്തില്‍ ഒരു തിരിച്ചടിയാണ് എം.ജി യൂണിവേഴ്‌സിറ്റിയുടെ ഈ നടപടി. ജോലി കിട്ടുമെന്ന് ഉറപ്പില്ല, അതിനുവേണ്ടിയുള്ള അപേക്ഷയ്ക്ക് വേണ്ടി 5000 രൂപ നല്‍കണമെന്ന് പറയുന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ തുക തന്നെയാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്. പഠിത്തത്തോടൊപ്പം മറ്റ് ജോലികള്‍ കൂടി ചെയ്താണ് ഇതുവരെ കഴിഞ്ഞിരുന്നത്. കഴിഞ്ഞ എട്ട് മാസത്തോളമായി അതും നടക്കുന്നില്ല. ആകെ അറിയാവുന്നത് കുട്ടികള്‍ക്ക് അക്ഷരം പഠിപ്പിച്ചുകൊടുക്കാന്‍ മാത്രമാണ്. കൊവിഡ് വന്നതോടെ അതും ഇരുട്ടിലായി. ഈ സാഹചര്യത്തില്‍ അപേക്ഷയ്ക്ക് വേണ്ടി മാത്രം 5000 രൂപ എങ്ങനെ കൊടുക്കും. ഞങ്ങളെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം 5000 ഒരു വലിയ തുക തന്നെയാണ്’- കണ്ണൂര്‍ സ്വദേശിയായ ഉദ്യോഗാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം ഫീസ് വര്‍ധനയ്‌ക്കെതിരെ ഗവേഷക വിദ്യാര്‍ത്ഥി സംഘടനമായി എ.കെ.ആര്‍.എസ്.എ രംഗത്തെത്തിയിരുന്നു. നിയമന അപേക്ഷയ്ക്കുള്ള ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ സര്‍വകലാശാല അധികൃതരെ പ്രതിഷേധമറിയിക്കുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ കോണില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍വകലാശാല തീരുമാനത്തിനെതിരെ സംഘടന രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Fees Hike In MG Univerisity