യോഗി ആദിത്യനാഥിന്റെ കാല്‍ക്കീഴില്‍ ഇരുന്ന് തൊഴുത് അനുഗ്രഹം വാങ്ങുന്ന പൊലീസുകാരന്‍; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
national news
യോഗി ആദിത്യനാഥിന്റെ കാല്‍ക്കീഴില്‍ ഇരുന്ന് തൊഴുത് അനുഗ്രഹം വാങ്ങുന്ന പൊലീസുകാരന്‍; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th July 2018, 9:56 am

ഗോരഖ്പൂര്‍: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ് അനുഗ്രഹം തേടുന്ന ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ തന്ത്രികൂടിയായ യോഗി ആദിത്യനാഥ് ഒരു പീഠത്തില്‍ ഇരിക്കുന്നതും താഴെ തറയില്‍ പൊലീസ് യൂണിഫോണില്‍ ഇരുന്ന് ഒരു പൊലീസുകാരന്‍ ഇരുകൈകളും കൂപ്പി യോഗിയെ തൊഴുന്നതും യോഗി അനുഗ്രഹിച്ച് നെറ്റിയില്‍ ചന്ദനം അണിയിക്കുന്നതുമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കുമാര്‍ സിങ് തന്നെയാണ് ഈ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. മറ്റൊരു ചിത്രത്തില്‍ ആദിത്യനാഥിന്റെ നെറ്റിയില്‍ പൊലീസുകാരന്‍ സിന്ദൂരം തൊടുന്നതും കഴുത്തില്‍ പൂമാല അണിയിക്കുന്നതും കാണാം.

ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് മേഖലയിലെ സര്‍ക്കിള്‍ ഓഫീസറാണ് പ്രവീണ്‍ കുമാര്‍. ഗുരു പൂര്‍ണിമ ദിനത്തില്‍ യോഗി ആദിത്യനാഥില്‍ നിന്നും അനുഗ്രഹം തേടുന്നു എന്ന കുറിപ്പോടെയാണ് ഇദ്ദേഹം ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.


കേരളം തന്റെ കൂടെയുണ്ട്, ആക്രമിക്കുന്നവര്‍ ജാഗ്രത പാലിക്കുക; നൂറുദ്ധീന്‍ ഷെയ്ഖിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഹനാന്‍


മുഖ്യമന്ത്രിയെന്ന നിലയിലല്ല ഇത് ചെയ്യുന്നതെന്നും ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യതന്ത്രി എന്ന നിലയിലാണെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഫീലിങ് ബ്ലസ്സ്ഡ് എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.

എന്നാല്‍ ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. പൊലീസ് യൂണിഫോമില്‍ ഇരുന്ന് കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി താങ്കള്‍ ചെയ്തത് ശരിയായില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ യോഗിയേയും പൊലീസുകാരനേയും ശക്തമായി പിന്തുണച്ചും ചിലര്‍ രംഗത്തെത്തുന്നത്. അഞ്ച് മിനുട്ട് നേരത്തെ കാര്യത്തിന് വേണ്ടി യൂണിഫോം അഴിച്ചുവെക്കേണ്ട കാര്യമൊന്നും ഇല്ലെന്നും യൂണിഫോമില്‍ നിന്ന് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ മുന്‍പും പലരും ചെയ്തിട്ടുണ്ട് എന്നുമായിരുന്നു ചിലരുടെ വാദം.

എന്നാല്‍ ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെ തറയിലിരുത്തി അനുഗ്രഹിക്കുന്ന രീതി തെറ്റാണെന്നും നമ്മള്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു.