| Sunday, 26th May 2019, 6:24 pm

ഇത് വിചിത്രമായിരിക്കുന്നു; തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്  ടി.ടി.വി ദിനകരന്‍, ഇ.വി.എം അട്ടിമറിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇ.വി.എം അട്ടിറിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരന്‍. ഇ.വി.എമ്മുകളില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയില്ലെന്ന് ദിനകരന്‍ ആരോപിക്കുന്നു.

‘പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരുപാട് പേര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തിരുന്നു, എന്നാല്‍ ഈ വോട്ടുകള്‍ രേഖപ്പെടുത്താതെ പോയെന്നത് വിചിത്രമാണ്. ഞങ്ങളുടെ പാര്‍ട്ടിക്ക് ഒരു വോട്ടു പോലും ലഭിക്കാതെ പോയ സന്ദര്‍ഭങ്ങളുണ്ടായി. ബൂത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുകയാണ്. ഉടന്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും’- ദിനകരന്‍ പറയുന്നു.

എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ താന്‍ കോടതിയെ സമീപിക്കില്ലെന്നും ദിനകരന്‍ പറഞ്ഞു. 17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും, നിയമസഭാ ഉപതെരഞ്ഞെടുപ്പിലുമായി കേവലം അഞ്ചു ശതമാനം വോട്ടുകളാണ് ദിനകരന്റെ പാര്‍ട്ടിക്ക് നേടാനായത്.

തമിഴ്‌നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്-ഇടത് സഖ്യത്തിനാണ് 39ല്‍ 37 സീറ്റുകളും ലഭിച്ചത്. 32.76 ശതമാനം വോട്ടുകളോട് 23 സീറ്റുകള്‍ നേടിയ ഡി.എം.കെയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി.

ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു സീറ്റ് മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

നേരത്തെ, തന്റെ തോല്‍വിക്കു കാരണം ഇ.വി.എം തിരിമറിയാണെന്ന ആരോപണവുമായി ഹിമാചല്‍ പ്രദേശിലെ കാംഗ്ര ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പവന്‍ കാജല്‍ രംഗത്തെത്തിയിരുന്നു.

കാംഗ്രയിലെ എം.എല്‍.എയായ പവന്‍ ഇത്തവണ ലോക്സഭയിലേക്കു മത്സരിക്കുകയായിരുന്നു. സംസ്ഥാന മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കിഷന്‍ കപൂറായിരുന്നു എതിരാളി. തന്റെ സ്വന്തം നിയമസഭാ മണ്ഡലത്തില്‍ പോലുമുള്ള തോല്‍വി അതിശയിപ്പിക്കുന്നതാണെന്നായിരുന്നു പവന്റെ വാദം.

നേരത്തേ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്കറും രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഫോമില്‍ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ് മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നാണ് ഊര്‍മ്മിള ആരോപിച്ചത്. ഇ.വി.എം മാറ്റിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണമാണ് ഊര്‍മ്മിള ഉന്നയിച്ചത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more