| Sunday, 17th April 2022, 8:05 pm

നിങ്ങള്‍ക്ക് പ്രേതബാധയുണ്ടോ? അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍? ഗോമൂത്രം തളിച്ചാല്‍ മതി, എല്ലാം ശരിയാവും: ബി.ജെ.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രേതബാധയ്ക്കും വാസ്തു ദോഷത്തിനും മറ്റു പ്രശ്‌നങ്ങള്‍ക്കും ലളിതമായ പരിഹാരം നിര്‍ദേശിച്ച് ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി. പ്രശ്‌നപരിഹാരത്തിനായി ഗോമൂത്രം തളിച്ചാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശിലെ ക്ഷീര വികസന മന്ത്രിയായ ധരംപാല്‍ സിംഗ് പറയുന്നത്.

പ്രേതബാധയേറ്റയാളുടെ ദേഹത്ത് അല്‍പം ഗോമൂത്രം തളിക്കുകയാണെങ്കില്‍ അയാളെ ബാധിച്ചിരിക്കുന്ന പ്രേതം / ആത്മാവ് നിമിഷ നേരം കൊണ്ട് ശരീരമുപേക്ഷിച്ച് പോവുമെന്നാണ് ധരംപാല്‍ സിംഗിന്റെ കണ്ടുപിടുത്തം.

കൂടാതെ വാസ്തു സംബന്ധമായ എല്ലാ ദോഷങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഗോമൂത്രം തളിച്ചാല്‍ മതിയെന്നും ഇയാള്‍ പറയുന്നു.

മീററ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ഇയാള്‍ ഗോമൂത്രത്തിന്റെ മാന്ത്രികശക്തിയെ കുറിച്ച് വാചാലനായത്.

പശുവിനെ വളര്‍ത്തുന്നതിന്റെ ഗുണങ്ങളും പശു എന്നത് സകല ദൈവങ്ങളുടെ വാസസ്ഥലമാണെന്നും ഇയാള്‍ പറയുന്നു.

‘ലക്ഷ്മി ദേവി (ഹിന്ദു പുരാണത്തില്‍ സമ്പത്തിന്റെ ദേവി) ചാണകത്തില്‍ വസിക്കുന്നുണ്ട്. ഗോമൂത്രത്തിന് ഗംഗയുടെ അതേ ഗുണമാണുള്ളത്.

പ്രേതബാധയേറ്റയാളുടെ ദേഹത്ത് ഗോമൂത്രം തളിച്ചാല്‍ പ്രേതം അയാളെ വിട്ടുപോവും. അതുപോലെ തന്നെ വീടിന് വാസ്തുദോഷമുണ്ടെങ്കില്‍ വീടിന്റെ വിവിധ ഭാഗങ്ങളില്‍ ഗോമൂത്രം തളിച്ചാല്‍ മതി, ആ ദോഷങ്ങളും മാറിക്കിട്ടും,’ ധരംപാല്‍ സിംഗ് പറയുന്നു.

ചാണകം വാങ്ങാനും അത് പാചകവാതകമാക്കി മാറ്റുന്ന കമ്പനികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്നും ധരംപാല്‍ സിംഗ് പറഞ്ഞു.

‘ചാണകവും ഗോമൂത്രവും ജനങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കും എന്നുറപ്പാക്കലാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്,’ ധരംപാല്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

തെരുവുകളില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് പരിപാലിക്കണമെന്നും ധരംപാല്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ സമയത്ത് സ്വയം രക്ഷിക്കാനും കൊവിഡ് വരാതെ സൂക്ഷിക്കാനും ദിവസവും ഗോമൂത്രം കുടിച്ചാല്‍ മാത്രം മതിയെന്ന് മുന്‍ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗും പറഞ്ഞിരുന്നു.

Content Highlight: Feel possessed by a demonic spirit or facing vastu issues at home? Sprinkle cow urine, says BJP minister

We use cookies to give you the best possible experience. Learn more