ഗുജറാത്ത് സര്‍ക്കാരിനെതിരെ ഞങ്ങള്‍ ഒന്നും പറയാത്തത് ഭാഗ്യമായി കരുതിക്കോളു; ബില്‍ക്കീസ് ബാനു കേസില്‍ സുപ്രീംകോടതി
ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച സുപ്രീംകോടതി വിധിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീംകോടതിയുടെ വിമര്‍ശനം.
ഉത്തരവില്‍ ഞങ്ങള്‍ സര്‍ക്കാരിനെതിരെ ഒന്നും പറയാത്തത് നിങ്ങള്‍ ഭാഗ്യമായി കണ്ടോളൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനായ ഹേമന്തിക വാഹിയോട് പറഞ്ഞു.
ബില്‍ക്കീസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും അവരുടെ സൗകര്യത്തിനനുസരിച്ച് താമസ സൗകര്യവും ഒരുക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദഹോദ് സ്വദേശികളായ ബില്‍ക്കീസ് യാക്കൂബ് റസൂലിന്റെ കുടുംബം അഹ്മദാബാദിനടുത്തുള്ള രണ്‍ധിക്പൂര്‍ ഗ്രാമത്തില്‍ 2002 മാര്‍ച്ച് 3നാണ് അക്രമിക്കപ്പെടുന്നത്.
ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു ഗുജറാത്ത് വംശഹത്യക്കിടെ 2002 മര്‍ച്ച് മൂന്നിനാണ് 22 തവണ കൂട്ട ബലാസംഗത്തിനിരയായിരുന്നുത്. ബില്‍ക്കീസ് ബാനുവിന്റെ മൂന്നു വയസുള്ള മകളെ കലാപകാരികള്‍ നിലത്തടിച്ച് കൊല്ലുകയായിരുന്നു. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകത്തിനും ബില്‍ക്കീസ് അന്ന് സാക്ഷിയായി. മരിച്ചെന്ന് കരുതി ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.
സംഭവത്തില്‍ ഏട്ടു പ്രതികളെ 2008ല്‍ കോടതി ശിക്ഷിച്ചിരുന്നു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ബില്‍ക്കീസ് നല്‍കിയ പരാതിയില്‍ ബോംബെ ഹൈക്കോടതി പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു. ബോബെ ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതി ശരിവെച്ചിട്ട് പോലും ഉദ്യോഗസ്ഥരെ ശിക്ഷിച്ചിട്ടില്ലെന്ന് ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു.