| Monday, 22nd July 2019, 2:16 pm

'മുസ്‌ലിം ഐഡന്റിറ്റിയുടെ പേരില്‍ എന്നെ ദ്രോഹിക്കുന്നു; ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നു' പരാതിയുമായി ജെ.എന്‍.യുവിലെ പ്രൊഫസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം ഐഡന്റിറ്റിയുടെ പേരില്‍ തനിക്ക് വിവേചനവും മാനസിക പീഡനവും നേരിടേണ്ടിവരുന്നെന്ന പരാതിയുമായി ജെ.എന്‍.യുവിലെ പ്രൊഫസര്‍. അസിസ്റ്റന്റ് പ്രൊഫസര്‍ റോസിനി നസീറാണ് ദല്‍ഹി ന്യൂനപക്ഷ കമ്മീഷന് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

സെന്റര്‍ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസിയിലെ (സി.എസ്.എസ്.ഇ.ഐ.പി) അസിസ്റ്റന്റ് പ്രൊഫസറാണ് റോസിന.

വൈസ് ചാന്‍സലര്‍ മാമിഡല ജഗദീഷ് കുമാറും, സി.എസ്.ഇ.ഐ.പി ചെയര്‍പേഴ്‌സണല്‍ യഗതി ചിന്ന റാവുവും തന്നെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്നാണ് റോസിനയുടെ പരാതി.

ഈ രണ്ടു ‘ശക്തരായ’ പുരുഷന്മാരും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും തന്റെയും കുട്ടികളുടെയും സുരക്ഷിതത്വം ഓര്‍ത്ത് പേടിയുണ്ടെന്നും ന്യൂനപക്ഷ കമ്മീഷന് അയച്ച കത്തില്‍ അവര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി രജിസ്ട്രാറിന് ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

‘ സി.എസ്.എസ്.ഇ.ഐ.പിയിലെ ഫാക്വല്‍ട്ടി സ്ഥാനത്തുനിന്നും ഞാന്‍ രാജിവെച്ചില്ലെങ്കില്‍ നജീബിനെപ്പോലെ എന്നേയും അപ്രത്യക്ഷയാക്കുമെന്നാണ് തോന്നുന്നത്.’ എന്നാണ് റോസിന കത്തില്‍ പറയുന്നത്. ഭര്‍ത്താവും മൂന്നു വയസുള്ള മകനുമൊപ്പം ജെ.എന്‍.യു ക്യാമ്പസില്‍ തന്നെയാണ് റോസിന ജീവിക്കുന്നത്.

2013ല്‍ ജെ.എന്‍.യുവില്‍ ചേരുന്നതിനു മുമ്പ് ഇവര്‍ നാലുവര്‍ഷത്തോളം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരം ഫാക്വല്‍ട്ടി അംഗമായി ജോലി ചെയ്തിരുന്നു. ആറുവര്‍ഷത്തിലേറെയായി താന്‍ ജെ.എന്‍.യുവില്‍ ജോലി ചെയ്യുന്നുവെന്നും എന്നാല്‍ 2017 മാര്‍ച്ച് മുതലാണ് തനിക്കുനേരെ മാനസിക പീഡനം തുടങ്ങിയതെന്നും ഇവര്‍ പറയുന്നു.

‘യു.ജി.സി സി.എസ്.എസ്.ഇ.ഐ.പി നീട്ടി നല്‍കിയിട്ടും 2017 ഒക്ടോബറിനുശേഷം ജെ.എന്‍.യു തനിക്ക് സാലറി നല്‍കിയിട്ടില്ലെന്നും’ ഇവര്‍ പറയുന്നു. ഏകപക്ഷീയമായാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും തന്നെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ പരാതിയില്‍ പറയുന്നു.

പിടിച്ചുവെച്ച സാലറി വിട്ടുകിട്ടാന്‍ പലതവട്ടം രേഖാമൂലം ആവശ്യപ്പെട്ടിട്ടും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more