കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണക്ക് പകരക്കാരനായി ടീമില്‍ എത്തിച്ച ഫെഡോര്‍ സെര്‍നിച്ച് കൊച്ചിയില്‍ എത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരം വൈകാതെ തന്നെ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.
അടുത്ത ആഴ്ച വീണ്ടും പുനരാരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിനായി ഫെഡോര്‍ സെര്‍നിച്ച് ബൂട്ട് കെട്ടുമെന്ന് ഉറപ്പാണ്. സൂപ്പര്‍ കപ്പിന് മുന്നോടിയായി തന്നെ ഫെഡോറിനെ ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തിരുന്നു. എന്നാല്‍ താരം സൂപ്പര്‍ കപ്പില്‍ കേരളത്തിനായി കളത്തില്‍ ഇറങ്ങിയിരുന്നില്ല.
ഫെഡോര്‍ സെര്‍നിച്ച് പൊളിഷ് ക്ലബ്ബായ ഗോര്‍ണിക് ലെസിനയിലും റഷ്യന്‍ ക്ലബ്ബായ ഡൈനാമൊ മോസ്‌കോക്ക് വേണ്ടിയും ലിത്വിയാന സ്ട്രൈക്കര്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. സൈപ്രസ് ക്ലബ്ബായ എ.ഇ.എല്‍ ലിമസോളിമയാണ് താരം അവസാനം കളിച്ച ടീം. ലിത്വിയാനക്ക് വേണ്ടി 88 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 14 ഗോളുകളാണ് സ്വന്തമാക്കിയത്.
അതേസമയം സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ടു തോല്‍വിയും ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം.
ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണക്ക് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുകയായിരുന്നു. ഈ സീസണില്‍ മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും നേടികൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായ പങ്കാണ് ഈ ഉറുഗ്വായ്ന്‍ സ്ട്രൈക്കര്‍ നല്‍കിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഇവാന്‍ വുകമനോവിച്ചിന്റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിന്റെ തലപ്പത്താണ് ഉള്ളത്. 12 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും രണ്ട് സമനിലയും രണ്ടു തോല്‍വിയുമടക്കം 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
ഈ സീസണില്‍ പത്തു മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടികൊണ്ട് മിന്നും ഫോമിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമാന്‍ഡക്കോസ്. ഡയമാന്‍ഡക്കോസിനൊപ്പം മുന്നേറ്റ നിരയില്‍ ലുത്വിയാന സൂപ്പര്‍ താരം കൂടി ചേരുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.
ഐ.എസ്.എല്ലില്‍ ഫെബ്രുവരി രണ്ടിന് ഒഡീഷക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഒഡീഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയമാണ് വേദി.
Content Highlight: Fedor Cernych reached Kochi.