| Tuesday, 14th November 2023, 9:51 am

അര്‍ജന്റീന-ഉറുഗ്വായ് പോരാട്ടം; മെസിയെ എങ്ങനെ തടയും? വ്യത്യസ്ത പ്രതികരണവുമായി റയല്‍ മാഡ്രിഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ നവംബര്‍ 17ന് അര്‍ജന്റീന ഉറുഗ്വായ് ആവേശകരമായ മത്സരം നടക്കും.

അര്‍ജന്റീനയുടെ ഹോം ഗ്രൗണ്ടായ ലാ ബൊമ്പോനേര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ നേരിടുന്നതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് താരം ഫെഡറികോ വാൽവർദെ.

മെസിയോട് തനിക്ക് വളരെയധികം ബഹുമാനം ഉണ്ടെന്നും മെസിയെ കളിക്കളത്തില്‍ എങ്ങനെ തടയണമെന്ന് അറിയില്ലെന്നുമാണ് വാൽവർദെ പറഞ്ഞത്.

‘മെസിയെ എങ്ങനെ തടയണമെന്ന് എനിക്കറിയില്ല. എല്‍ക്ലാസിക്കോയില്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചപ്പോള്‍ പോലും എനിക്ക് അവനെ തടയാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ ആയതിനാല്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനത്തോടെ നേരിടണം,’ വാൽവർദെ ആല്‍ബി സെലെസ്റ്റെ ടോക്കിലൂടെ പറഞ്ഞു.

അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ്ബ് തലത്തില്‍ 12 തവണയാണ് മെസിയും വാൽവർദെയും മുഖാമുഖം വന്നിട്ടുള്ളത്. അതില്‍ നാല് തവണ വാല്‍വെര്‍ദേ വിജയിച്ചപ്പോള്‍ ആറ് തവണ വിജയം മെസിക്കൊപ്പമായിരുന്നു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു.

2021-22 യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് മെസിയുംവാൽവർദെയും അവസാനമായി ഏറ്റുമുട്ടിയത്. സാന്റിയാഗോ ബെര്‍ണബ്യുവില്‍ വെച്ച് നടന്ന മത്സരത്തില്‍ അന്ന് പി.എസ്.ജിക്കെതിരെ 3-1ന് റയല്‍ മാഡ്രിഡ് വിജയിക്കുകയായിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ 2022ലെ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഉറുഗ്വായും അര്‍ജന്റീനയും പരസ്പരം ഏറ്റുമുട്ടിയത്. അന്ന് 3-0ത്തിന് വിജയം മെസിക്കും കൂട്ടര്‍ക്കും ആയിരുന്നു.

2018ലാണ് വാൽവർദെ റയല്‍ മാഡ്രിഡില്‍ എത്തുന്നത്. റയലിനായി 221 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 19 ഗോളുകളും 18 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

അതേസമയം ലയണല്‍ മെസി എട്ടാം ബാലണ്‍ ഡി ഓര്‍ നേടിക്കൊണ്ട് മികച്ച ഫോമിലാണ്.
ഇന്റര്‍ മയാമിക്കൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനമാണ് അര്‍ജന്റീനന്‍ സൂപ്പര്‍താരം നടത്തിയത്. മയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം നേടിക്കൊടുക്കാനും മെസിക്ക് സാധിച്ചു.

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ 12 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തും ഏഴ് പോയിന്റുമായി ഉറുഗ്വായ് രണ്ടാം സ്ഥാനത്തുമാണ്.

Content Highlight: Federico valverde talks how will play against Lionel Messi.

Latest Stories

We use cookies to give you the best possible experience. Learn more