ഇതിഹാസതാരങ്ങളായ ലയണല്‍ മെസിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പം പന്തുതട്ടാന്‍ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളേ ഫുട്ബോളില്‍ ഉണ്ടായിട്ടുള്ളൂ. ഇത്തരത്തില്‍ രണ്ട് ഇതിഹാസ താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ അവസരം ലഭിച്ച താരങ്ങളില്‍ ഒരാളാണ് മുന്‍ റയല്‍ മാഡ്രിഡിന്റെ അര്‍ജന്റൈന്‍ താരം ഫെര്‍ണാണ്ടോ ഗാഗോ. റയലില്‍ കളിക്കുന്ന സമയത്ത് റൊണാള്‍ഡോക്കൊപ്പവും അര്‍ജന്റീനയില്‍ മെസിക്കൊപ്പവും ഗാഗോ കളിച്ചിട്ടുള്ളത്.
രണ്ട് ഇതിഹാസങ്ങളുടെയും കൂടെ കളിച്ച അനുഭവമുള്ള ഗാഗോ ഗോട്ട് ഡിബേറ്റില്‍ 2018ല്‍ തന്റെ അഭിപ്രായം പറഞ്ഞിരുന്നു. ഗോട്ട് ഡിബേറ്റില്‍ റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയായിരുന്നു ഗാഗോ തെരഞ്ഞെടുത്തത്. 2018ല്‍ സ്പാനിഷ് ഔട്ട്‌ലെറ്റായ മാർകക്ക് നൽകിയ അഭിമുഖത്തിലാണ് മുന്‍ റയല്‍ ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
‘എന്റെ അഭിപ്രായത്തില്‍ റൊണാള്‍ഡോ ഒന്നാം നമ്പര്‍ അല്ല. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം മെസിയാണ്. കാരണം അദ്ദേഹം കളിക്കുന്ന രീതിയാണ്. കളിക്കളത്തില്‍ പന്തുകൊണ്ട് വേഗത്തില്‍ നീങ്ങിക്കൊണ്ട് മത്സരങ്ങള്‍ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. മെസിക്ക് അവിശ്വസനീയമായ കഴിവുണ്ട്. അദ്ദേഹം കളിക്കുന്ന രീതി ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അര സെക്കന്റിനുള്ളില്‍ ഒരു മത്സരം ജയിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ഞങ്ങള്‍ക്കറിയാം,’ ഗാഗോ പറഞ്ഞു.
2007 മുതല്‍ 2012 വരെയാണ് ഗാഗോ റയല്‍ മാഡ്രിഡിനായി പന്ത് തട്ടിയത്. ഏകദേശം മൂന്ന് വര്‍ഷത്തോളം പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിനൊപ്പം ബൂട്ട് കെട്ടാന്‍ ഗാഗോക്ക് സാധിച്ചു. അര്‍ജന്റീനക്കൊപ്പമാണ് താരം മെസിക്കൊപ്പം കളിച്ചത്.
2007ല്‍ അര്‍ജന്റീനക്കായി അരങ്ങേറ്റം കുറിച്ച ഗാഗോ പത്ത് വര്‍ഷത്തോളം അര്‍ജന്റീനയുടെ നീല ജേഴ്‌സിയില്‍ പന്തുതട്ടി. ഗാഗോ 2023ലാണ് ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അതേസമയം മെസി നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ്. നിലവില്‍ പരിക്കിനെ തുടര്‍ന്ന് അമേരിക്കന്‍ ക്ലബ്ബിനായി കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ മെസി കളിച്ചിരുന്നില്ല.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. കൊളംബിയക്കെതിരെയുള്ള കലാശ പോരാട്ടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മെസി മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടിരുന്നു. എന്നാല്‍ മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളിലൂടെ അര്‍ജന്റീന വിജയിക്കുകയായിരുന്നു.
അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക വിജയമായിരുന്നു ഇത്. ഇതോടെ സമീപകാലങ്ങളില്‍ അര്‍ജന്റീനക്കായി നാല് കിരീടം നേടികൊടുക്കാനും മെസിക്ക് സാധിച്ചു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ ട്രോഫികള്‍ ആണ് സമീപകാലങ്ങളില്‍ അര്‍ജന്റീന നേടിയത്.
Content Highlight: Federico Gago Talks His Opinion on Goat Debate