വിമ്പിള്‍ഡന്‍ കിരീടം ഫെഡറര്‍ക്ക് തന്നെ
DSport
വിമ്പിള്‍ഡന്‍ കിരീടം ഫെഡറര്‍ക്ക് തന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th July 2012, 9:19 am

ലണ്ടന്‍:  വിമ്പിള്‍ഡന്‍ ഏഴാം സിംഗിള്‍സ് കിരീടം റോജര്‍ ഫെഡറര്‍ക്ക്. ബ്രിട്ടന്റെ  ആന്‍ഡി മുറെയെ (4-6 7-5, 6-3, 6-4) എന്ന സ്‌കോറില്‍ കീഴടക്കിയാണ് ഫെഡറര്‍ 17ാം ഗ്രാന്‍സ്‌ലാം കിരീടവും ലോക ഒന്നാം നമ്പര്‍ സ്ഥാനവും കയ്യടക്കിയത്.

കളിയിലുടനീളം മുറെയ്ക്കു വേണ്ടി മുറവിളികൂട്ടിയ ഗാലറികള്‍ കളി കഴിഞ്ഞതോടെ മൂകമായി. ആദ്യസെറ്റില്‍ മുറെ മികവു പുലര്‍ത്തിയതോടെ കാണികള്‍ ആഹ്ലാദത്തിലായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ അടക്കമുള്ള വിശിഷ്ടാതിഥികള്‍ നിറഞ്ഞ ഗാലറി മുറെയുടെ വിജയത്തിനായി ആരവമുയര്‍ത്തി. എന്നാല്‍ ഫെഡറര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മുറെയ്ക്കായില്ല.

ആദ്യ സെറ്റില്‍ (4-6) എന്ന് സ്‌കോറില്‍ മുറെ ലീഡ് നേടിയെങ്കിലും രണ്ടാം സെറ്റില്‍ 7-5 ന് ഫെഡറര്‍ മുന്നിലെത്തി. നാലാം സെറ്റില്‍ മുറെയാണ് തുടക്കത്തില്‍ ലീഡ് നേടിയതെങ്കിലും ഫെഡറര്‍ അത്യുജ്ജ്വലമായി തിരിച്ചുവന്ന് സ്‌കോര്‍ 3-2ല്‍ പിടിച്ചു.

അദ്ദേഹം മുന്നേറ്റം തുടര്‍ന്നതോടെ കളി ഏത് നിമിഷവും അവസാനിക്കുമെന്ന അവസ്ഥയായി. ഇതിനിടെ ഫെഡററുടെ 4-2 ലീഡിന് ഭീഷണിയായി മുറെ (4-3) എത്തി. അടുത്ത ഗെയിം വഴങ്ങിയ ബ്രീട്ടീഷ് താരം ഒരിക്കല്‍കൂടി മികവ് പുറത്തെടുത്തെങ്കിലും ഫെഡററുടെ ഫോമിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു (6-4).

അതേസമയം മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പെയ്‌സും റഷ്യക്കാരി എലേന വെസ്‌നിയും ചേര്‍ന്ന് അമേരിക്കന്‍ സഖ്യത്തെ തോല്‍പിച്ച് ഫൈനലിലെത്തി. ഒന്നാം സീഡ് ബോബ് ബ്രയന്‍- ലീസല്‍ ഹ്യൂബര്‍ സഖ്യത്തെയാണ് നാലാം സീഡായ പെയ്‌സ് സഖ്യം അട്ടിമറിച്ചത്. സ്‌കോര്‍: 7-5, 3-6, 6-3.

വനിതാ ഡബിള്‍സില്‍ മൂത്ത സഹോദരി വീനസ് വില്യംസിനൊപ്പം കിരീടമണിഞ്ഞ സെറിന വില്യംസ്, ഒരേദിവസം തന്നെ രണ്ടു കിരീടവിജയം ആഘോഷിച്ചു. ഫൈനലില്‍ ഇവരുടെ ജോടി 7-5, 6-4നു ചെക്ക് റിപ്പബ്ലിക്കിന്റെ ആറാം സീഡ് സഖ്യമായ ആന്‍ഡ്രിയ ഹ്ലാവക്കോവ – ലൂസി ഹ്രാഡെക്ക സഖ്യത്തെ തോല്‍പിച്ചു.