| Sunday, 29th January 2017, 6:32 pm

ഒരിക്കല്‍ കൂടി ഫെഡ് എക്‌സ്പ്രസിന് മുന്നില്‍ ടെന്നീസ് ലോകത്തിന്റെ ' ഗ്രാന്റ് സലാം '

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ഒരിക്കല്‍ കൂടി ഫെഡ് എക്‌സ്പ്രസിന് മുന്നില്‍ സലാം വെച്ച് കായിക ലോകം. ചരിത്രം കുറിച്ച പോരാട്ടത്തിനൊടുവില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കരസ്ഥമാക്കി. ടെന്നീസ് കോര്‍ട്ടിലെ കാളക്കൂറ്റനായ സ്പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ കീഴടക്കിയത്. സ്‌കോര്‍ 6-4, 3-6, 6-1, 1-6, 6-3

തിരിച്ചുവരവിനൊപ്പം നിരവധി റെക്കോര്‍ഡുകളും കുറുച്ചു കൊണ്ടാണ് ഫെഡറര്‍ കിരീട ജേതാവായത്..43 വര്‍ഷത്തിനിടയില്‍ ഒരു ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതി ഫെഡറര്‍ കരസ്ഥമാക്കി. തന്റെ മുപ്പത്തിയഞ്ചാം വയസിലാണ് ഫെഡറര്‍ ഇന്ന് കിരീടം നേടിയത്.

റോഡ് ലെവര്‍ അരീനയില്‍ ഫെഡറര്‍ കിരീടം ഉയര്‍ത്തുന്നത് ഇത് അഞ്ചാം തവണ. കരിയറിലെ പതിനെട്ടാം ഗ്രാന്റ് സ്ലാം കിരീടത്തിലാണ് സ്വിസ് രാജകുമാരന്‍ ഇന്ന് മുത്തമിട്ടത്.

നാലു വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്തിയാണ് ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയിരിക്കുന്നത്. 2012 വിംബിള്‍ഡണായിരുന്നു ഫെഡറര്‍ അവസാനമായി മുത്തമിട്ട ഗ്രാന്റ് സ്ലാം കിരീടം

We use cookies to give you the best possible experience. Learn more