പ്രവാസി മലയാളികള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ വക പുതിയ പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അപകടം ഉണ്ടാകുകയോ മരണമടയുകയോ ചെയ്താല്‍ പത്ത് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രവാസികള്‍ക്കിടയില്‍ ആശ്വാസത്തിന് വഴിയൊരുക്കുന്നത്.[]
ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് വര്‍ഷം വെറും 250 രൂപയടച്ചാല്‍ പത്ത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിയില്‍ ചേരാമെന്നതാണ്.
ഫെഡറല്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിങ്ങായ ഫെഡ്‌നെറ്റില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഉടന്‍ വളരെ ലളിതമായ പടിയിലൂടെ ഫെഡ് ഓറിയന്റ പ്രവാസി ഇന്‍ഷുറന്‍സില്‍ അംഗമാകാം. എമിഗ്രേഷന്‍ ആക്ട് പ്രകാരം എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ച 18നും 60നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഫെഡറല്‍ ബാങ്കിന്റെ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം.
ഒരു കൊല്ലത്തേക്ക് 250 രൂപയാണ് പ്രിമിയം തുക. ഇന്‍ഷുറന്‍സ് തുക അടച്ചാല്‍ 45 ദിവസത്തിനുള്ളില്‍ അക്കൗണ്ട് ആക്ടീവാകും. അപ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കും. അക്കൗണ്ട് നമ്പറും പാസ്‌പോര്‍ട്ട് നമ്പരും ഉപയോഗിച്ചായിരിക്കും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യേണ്ടത്.
വിദേശത്ത് ജോലി നോക്കുമ്പോള്‍ അപകടമരണം സംഭവിക്കുക അപകടത്തില്‍ കാഴ്ച്ച നഷ്ടപ്പെടുക, കൈകാലുകള്‍ നഷ്ടമാവുക തുടങ്ങിയ അംഗവൈകല്യങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ജോലി പോവുക തുടങ്ങിയവര്‍ക്ക് ഇന്‍ഷുര്‍ ചെയ്ത മുഴുവന്‍ തുകയും ലഭ്യമാകും. നാല് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് തുകയായിരിക്കും ലഭിക്കുക.