ലാഭവിഹിതം കുറച്ചതില്‍ പ്രതിഷേധം; സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
Kerala News
ലാഭവിഹിതം കുറച്ചതില്‍ പ്രതിഷേധം; സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 9:31 am

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടുമെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍. ലാഭവിഹിതം കുറച്ചതില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന്റെ തീരുമാനം.

പ്രശ്നം പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്‌കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവില്‍പ്പനയിലെ പ്രതിസന്ധി രൂക്ഷമായത്. ബെവ്‌കോയാണ് ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനും മദ്യം വില്‍ക്കുന്നത്.

വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എം.ആര്‍.പി. നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26നായിരുന്നു സംസ്ഥാനത്ത് മദ്യവില്‍പ്പന നിര്‍ത്തിവെച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ ബെവ്കോയുടെ 225 ഔട്ട്ലെറ്റുകളാണ് വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിലെ 35 ഔട്ട്ലെറ്റുകള്‍ തുറന്നിട്ടില്ല. ബെവ്കോ ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന പുനരാരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് നേരിട്ട് വന്ന് തന്നെ വാങ്ങാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

ബെവ്കോ ആപ്പ് പ്രവര്‍ത്തനക്ഷമമാകാന്‍ കൂടുതല്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് നേരിട്ടു ചെന്ന് മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS: The Federation of Kerala Hotel Associations has announced that bars in the state will be closed from Monday