ഡോക്ടർ ബലാത്സംഗത്തിനിരയായ സംഭവം; 11 ദിവസത്തെ സമരം പിൻവലിച്ച് എഫ്.എ.ഐ.എം.എ
national news
ഡോക്ടർ ബലാത്സംഗത്തിനിരയായ സംഭവം; 11 ദിവസത്തെ സമരം പിൻവലിച്ച് എഫ്.എ.ഐ.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2024, 7:38 pm

ന്യൂദൽഹി: കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ഉറപ്പാക്കുമെന്ന് സുപ്രീം കോടതിയുടെ ഉറപ്പിന് പിന്നാലെ സമരം അവസാനിപ്പിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ. പതിനൊന്ന് ദിവസമായി തുടരുന്ന സമരമാണ് ഇന്ന് അവസാനിപ്പിച്ചത്.

പ്രതിഷേധിച്ച ഡോക്ടർമാരോട് ജോലി പുനരാരംഭിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ഒപ്പം അവർ ജോലിയിൽ പ്രവേശിച്ചതിന് ശേഷം ആക്രമിക്കപ്പെട്ട ഡോക്ടർക്ക് എതിരായി യാതൊരു വിധിയും വരില്ലെന്നും സുപ്രീം കോടതി ഉറപ്പ് നൽകിയിരുന്നു.

സുപ്രീം കോടതിയുടെ ഉറപ്പിന് പിന്നാലെ തങ്ങൾ സമരം അവസാനിപ്പിക്കുകയാണെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.

‘സുപ്രീം കോടതിയുടെ അപ്പീൽ, ആർ.ജി കാർ സംഭവത്തിൽ ഡോക്ടർമാരുടെ സുരക്ഷ എന്നിങ്ങനെയുള്ള ഉറപ്പിനെ തുടർന്ന് ഞങ്ങൾ ജോലിയിൽ പ്രവേശിക്കുകയാണ്. കോടതിയുടെ നടപടിയെ ഞങ്ങൾ അഭിനന്ദിക്കുകയും അതിൻ്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. രോഗികളുടെ പരിചരണം ഞങ്ങളുടെ മുൻഗണനയായി കരുതുന്നു,’ എയിംസ് റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന എക്സ് പോസ്റ്റിൽ കുറിച്ചു.

സുപ്രീം കോടതിയുടെ അപ്പീലിനെത്തുടർന്ന് കൊൽക്കത്ത സംഭവത്തിൽ നിരവധി റസിഡൻ്റ് ഡോക്ടർമാരുടെ സംഘടനകൾ (ആർ.ഡി.എ) സമരം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ദൽഹി എയിംസ്, ആർ.എം.എൽ ഹോസ്പിറ്റൽ, ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, ദൽഹി സർക്കാരിൻ്റെ കീഴിലുള്ള ഇന്ദിരാഗാന്ധി ആശുപത്രി എന്നിവിടങ്ങളിലെ ആർ.ഡി.എമാരും പണിമുടക്ക് പിൻവലിച്ചതായി പ്രഖ്യാപിച്ചു.

 

കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിൽ പി.ജി വിദ്യാർത്ഥിനിയായ ഡോക്ടർ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഓഗസ്റ്റ് 9 ന് ആർ.ജി കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ഗുരുതരമായ പരിക്കുകളോടെ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു പൗര സന്നദ്ധ പ്രവർത്തകനെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു.

 

Content Highlight: Federation of All India Medical Association calls off 11-day strike