വാഷിങ്ടണ്‍: അമേരിക്കയിലെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ ആണ് ട്രംപിന്റെ ഉത്തരവ് 14ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടര്‍ നടപടികളാണ് കോടതി സ്റ്റേ ചെയ്തതിരിക്കുന്നത്.
ജന്മാവകാശ പൗരത്വം റദ്ദാക്കുമെന്ന ട്രംപിന്റെ ഉത്തരവിനേത്തുടര്‍ന്ന് പൗരത്വം നഷ്ടപ്പെടാതിരിക്കാന്‍ പ്രസവം നേരത്തെയാക്കാന്‍ ആശുപത്രികളെ സമീപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്ക് താത്ക്കാലിക ആശ്വാസം നല്‍കുന്നതാണ് സിയാറ്റില്‍ കോടതിയുടെ ഉത്തരവ്.
ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. ട്രംപിന്റെ ഉത്തരവിനെതിരെ അമേരിക്കയിലെ 22 സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ കോടതിയെ സമീപിച്ചിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് കേസ് കൊടുത്തത്. സ്‌റ്റേ ലഭിച്ചതോടെ നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും.
പൗരത്വം സംബന്ധിച്ചുള്ള ട്രംപിന്റെ ഉത്തരവ് ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരും എന്നാണ് അറിയിച്ചിരുന്നത്. ഇതിന് മുന്‍പായി സിസേറിയന്‍ വഴി പ്രസവം നടത്താനാണ് ആളുകള്‍ ശ്രമിച്ചിരുന്നത്.
ജനുവരി 20നായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. ഇതിന് തൊട്ട് പിന്നാലെയാണ് നൂറ്റാണ്ട് പഴക്കമുള്ള കുടിയേറ്റ വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഏകദേശം 700 ഓളം വാക്കുകളുള്ള എക്സിക്യൂട്ടീവ് ഉത്തരവായിരുന്നു അത്. യു.എസിലെ നിയമ പ്രകാരം പ്രസിഡന്റ് ഒപ്പുവെച്ച് ഒരു മാസത്തിനുള്ളില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
ഇത് പ്രകാരം ഫെബ്രുവരി 19ന് മുമ്പ് യു.എസില്‍ ജനിച്ച കുട്ടികള്‍ക്ക് പൗരത്വം ലഭിക്കും. അതിനാല്‍ അതിന് മുമ്പായി പൗരത്വം നേടാനാണ് ഇന്ത്യന്‍ ദമ്പതികള്‍ ശ്രമിച്ചിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും എച്ച്.വണ്‍.ബി. പോലുള്ള താത്ക്കാലിക വിസകളിലാണ് നിലവില്‍ അമേരിക്കയില്‍ കഴിയുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ദമ്പതികള്‍ നേരത്തേയുള്ള സി-സെക്ഷന്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടു കഴിഞ്ഞതായാണ് വിവരം. ഇവരില്‍ പലരുടേയും യഥാര്‍ത്ഥ ഡെലിവറി ഡേറ്റിന് ഇനിയും ഏറെ ദിവസമുണ്ട്. ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റായ ഡോ. എസ്.ഡി രാമ. സി-സെക്ഷനായി നിരവധി ദമ്പതികള്‍ തന്റെ ക്ലിനിക്കിനെ സമീപിച്ചതായി പറഞ്ഞിരുന്നു. ഇതില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതികള്‍ വരെയുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ശ്വാസകോശ സംബന്ധമായതും ന്യൂറോളജിക്കള്‍ പ്രശ്‌നങ്ങളും വളര്‍ച്ചക്കുറവും ഇത്തരം കുഞ്ഞുങ്ങളില്‍ ഉണ്ടാകും.
യു.എസില്‍ ജനിച്ച തങ്ങളുടെ കുട്ടി വഴി പൗരത്വം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് എട്ട് വര്‍ഷമായി ഗ്രീന്‍ കാര്‍ഡിനായി കാത്ത് നില്‍ക്കുന്ന ആളുകള്‍ വരെയുണ്ട്.
ട്രംപിന്റെ ഉത്തരവ് പ്രകാരം, പിതാവ് യു.എസ് പൗരനോ രാജ്യത്തെ നിയമാനുസൃത സ്ഥിര താമസക്കാരനോ അല്ലെങ്കില്‍ യു.എസില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ അമേരിക്കന്‍ പൗരനായി അംഗീകരിക്കില്ല. കുട്ടിയുടെ അമ്മ നിയമവിരുദ്ധമായാണ് രാജ്യത്ത് തുടരുന്നതെങ്കിലും വിദ്യാര്‍ത്ഥിയോ ടൂറിസ്റ്റോ ആണെങ്കിലും കുട്ടിക്ക് പൗരത്വം നഷ്ടപ്പെടും. അതേസമയം സിയാറ്റില്‍ കോടതിയുടെ സ്‌റ്റേക്കെതിരെ നിയമ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
Content Highlight: federal judge in Seattle temporarily blocks Trump’s order to end birthright citizenship