ന്യൂദല്‍ഹി: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫെഡറല്‍ മുന്നണി നീക്കത്തിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫെഡറല്‍ മുന്നണി തെരഞ്ഞെടുപ്പിന് മുമ്പ് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ഇത്തരം നീക്കങ്ങളുണ്ടാകാറുണ്ട്. ഈ ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാകാറില്ല.”
തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ചിട്ടുള്ള സഖ്യങ്ങളാണ് സര്‍ക്കാരുണ്ടാക്കിയിട്ടുള്ളതെന്ന് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും യെച്ചൂരി പറഞ്ഞു.
നേരത്തെ ഫെഡറല്‍ മുന്നണി നീക്കവുമായി ചന്ദ്രശേഖരറാവു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ബി.ജെ.പി-കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയെന്ന ലക്ഷ്യവുമായി നാല് ദിവസത്തെ യാത്രയാണ് റാവു നടത്തുന്നത്. ഈ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തും.
വരും ദിവസങ്ങളില്‍ അഖിലേഷ് യാദവുമായും മായാവതിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷമാണ് ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ALSO READ: എസ്.പി-ബി.എസ്.പി സഖ്യം വന്നാല്‍ മോദി അധികാരത്തില്‍ നിന്ന് പുറത്താകും; എ.ബി.പി ന്യൂസ് സര്‍വേ
സെപ്റ്റംബര്‍ ആറിനു സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട കെ.സി.ആര്‍ 119 അംഗ സഭയില്‍ 88 സീറ്റിലും വിജയം നേടിയാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരുപോലെ പരാജയപ്പെടുത്തിയാണ് കെ.സി.ആറിന്റെ വിജയം.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അതേസമയം, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരെ മമത ബാനര്‍ജിയും അഖിലേഷ് യാദവുവും അടക്കമുള്ളവര്‍ തുറന്ന എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
WATCH THIS VIDEO: