| Saturday, 10th March 2012, 1:00 pm

ഫെഡറല്‍ ബാങ്ക് ഇന്ന് 100 പുതിയ ശാഖകള്‍ ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് വിവിധ സംസ്ഥാനങ്ങളിലായി ഇന്ന് 100 പുതിയ ശാഖകള്‍ തുറന്നു. കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് പുതിയ ശാഖകള്‍ തുറന്നത്. ഇതോടെ ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തെ മൊത്തം ശാഖകളുടെ എണ്ണം 938 ആയി.

കേരളത്തില്‍ 26 ശാഖകളാണ് പുതുതായി ആരംഭിച്ചത്. ഇതോടെ കേരളത്തിലെ ഫെഡറല്‍ ബാങ്ക് ശാഖകളുടെ എണ്ണം 518 ആയി. എറണാകുളം സോണില്‍ മാസം തോറും ശരാശരി മൂന്നു ശാഖകള്‍ വീതമാണു ഫെഡറല്‍ ബാങ്ക് തുറക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 17 ശാഖകള്‍ തുറന്നു. ഇന്ന് ഈ സോണില്‍ ആറു ശാഖകള്‍ കൂടി തുറന്നിരിക്കുകയാണ്.

കോട്ടയം, തൊടുപുഴ റീജിയണുകളുടെ കീഴില്‍ വരുന്ന ഭരണങ്ങാനം, കുറിച്ചി, മണിമല, പാലാ (കൊട്ടാരമറ്റം), തൊടുപുഴ (മങ്ങാട്ടുകവല), വണ്ണപ്പുറം എന്നിവിടങ്ങളിലാണു പുതുതായി ശാഖകള്‍ ആരംഭിച്ചിരിക്കുന്നത്.

പുതിയ ശാഖകള്‍ തുറക്കുന്നതിന്റെ ഉദ്ഘാടനം ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി നിര്‍വഹിച്ചു. എ.ടി.എം ഉള്‍പ്പെടുന്ന ശാഖകളാണ് പുതുതായി തുറന്നിരിക്കുന്നത്. ഈ വര്‍ഷം ജൂണോടെ രാജ്യത്തെ ശാഖകളുടെ എണ്ണം ആയിരം തികയ്ക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more