FB Notification
ഫെഡറല്‍ ബാങ്ക് സമരം: ഈ സമരം വേതനവര്‍ധനവിന് വേണ്ടിയല്ല, ആനുകൂല്യങ്ങള്‍ക്കും; ഉപഭോക്താക്കളെ ഒരേപോലെ പരിഗണിക്കാനാണ്
അരുണ്‍ മോഹന്‍
മനുഷ്യര്‍ പണിക്ക് പോവുന്നത് പണിയെടുത്തെടുത്ത് സ്വയം തുലച്ച് കളയാനല്ല, അന്തസുള്ളൊരു ജീവിതം ജീവിക്കാനാണ്. അത് കൊണ്ടാണ് തൊഴില്‍ ഒരു അവകാശമാണെന്ന് പറയുന്നത്. രണ്ടായിരം കൊല്ലം മുന്നെ ജീസസ് പറയും, മനുഷ്യന്‍ ശാബത്തിന് വേണ്ടിയല്ല, ശാബത്ത് മനുഷ്യന് വേണ്ടിയാണ്.
നെടുമ്പുറത്തെ ഒരു ചെറിയ പീടികക്കെട്ടില്‍ തുടങ്ങിയ ഫെഡറല്‍ ബാങ്ക് ഇന്ന് കേരളവും കടന്ന് വിന്യസിച്ചിരിക്കുന്ന ഒരു സ്വകാര്യബാങ്കാണ്. കേരളത്തിന്റെ വളര്‍ച്ചയില്‍ ആ പ്രസ്ഥാനത്തിന് വലിയൊരു പങ്കുണ്ട്. പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലയെയും പരിഗണിച്ചിരുന്ന മിക്‌സഡ് എക്കണോമിയുടെ ഒരു കാലമുണ്ടായിരുന്നു.
അത് ആരോഗ്യകരമായ, ബാലന്‍സ്ഡായ ഒരു സാമ്പത്തിക നയമായിരുന്നു. ഇന്ന് പൂര്‍ണ്ണമായും സ്വകാര്യമേഖലയിലേക്ക് വലിച്ചിഴയ്ക്കുന്ന നവസാമ്പത്തികനയങ്ങളുടെ തേരോട്ടകാലമാണ്. അവിടെ നിയന്ത്രിതമായ് മുന്നോട്ട് പോയിരുന്ന സ്വകാര്യമേഖല അതിന്റെ മുതലാളിത്തസ്വാഭാവം പ്രത്യക്ഷമായും പുറത്തെടുത്തിരിക്കുകയാണ്. ഫെഡറല്‍ ബാങ്കിന്റെ കഥയും മറ്റൊന്നല്ല.
ജനങ്ങളെ സമതയിലൂന്നി പരിചരിക്കുന്ന മാസ് ബാങ്കിംഗ് സിസ്റ്റത്തിനെതിരെ ക്ലാസ് ബാങ്കിംഗ് സ്ഥാപിക്കാന്‍ ഫെഡറല്‍ ബാങ്ക് ശ്രമിച്ചത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവണം. കാശുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിന്റെ ഓമനപ്പേരാണ് ക്ലാസ് ബാങ്കിംഗ്. കാശില്ലാത്തവര്‍ എവിടെ എങ്കിലും പോയ് തുലയട്ടെ എന്ന മുതലാളിത്തത്തിന്റെ ഈ തനിക്കൊണത്തിനെതിരെ അന്ന് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിമതശബ്ദം ഉയര്‍ത്തിക്കൊണ്ട് മുന്നോട്ട് വന്നത് ജനപക്ഷത്ത് ഉറച്ച് നിന്ന ഫെഡറല്‍ ബാങ്കിലെ ട്രേഡ് യൂണിയനിസ്റ്റുകളാണ്.
കടുത്ത സമരപരിപാടികളുമായ് മുന്നോട്ട് പോയ ജീവനക്കാരെ ഇതരബാങ്കുകളില്‍ ഉള്ളവരും പൊതുസമൂഹവും പിന്തുണച്ചു. അതൊടെ ക്ലാസ് ബാങ്കിംഗ് സര്‍ക്കുലര്‍ കല്ലത്തായ്. പക്ഷേ, സമരാനന്തരം ഫെഡറല്‍ ബാങ്കിലെ തൊഴിലാളിവര്‍ഗ്ഗ പ്രവര്‍ത്തകരെ അതിന്റെ മനേജ്‌മെന്റ് കടുത്ത വിവേചനത്തോടെ കൈകാര്യം ചെയ്ത് തുടങ്ങി.
ബാങ്കിംഗ് മേഖലയെടുത്താല്‍ ഏറ്റവും വൈകി ഷട്ടറിടുന്ന ഒരു ബാങ്കാണ് ഫെഡറല്‍ ബാങ്ക്. അവിടെ പണിയെടുക്കുന്നവര്‍ ജോലിയോട് ആത്മാര്‍ത്ഥമായ സമീപനമുള്ളവരാണ്. ഉന്നതമായ നീതിബോധമുള്ളവരാണ്. അല്ലാത്ത പക്ഷം ഫെഡറല്‍ ബാങ്ക് എന്ന ബ്രാന്‍ഡ് നേം ഇത്ര പ്രചാരത്തിലാവില്ലായിരുന്നു. അതിന്റെ ലാഭവിഹിതം അവരുടെ അദ്ധ്വാനമാണ്.
പക്ഷെ അടിസ്ഥാനജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് കൂടി അവരെ ബാങ്കിന്റെ ശത്രുക്കളെന്ന് മുദ്ര കുത്തപ്പെടാന്‍ തുടങ്ങി. ദേശീയതലത്തില്‍ നടക്കുന്ന ചാപ്പയടിയുടെ ഒരു മിനിയേച്ചറാണതെന്ന് രാഷ്ട്രീയബോധ്യമുള്ളവര്‍ക്ക് വായിച്ചെടുക്കാവുന്നതെയുള്ളൂ.
വിവേചനപരമായ ഇത്തരം നിലപാടുകള്‍ക്കെതിരെ ഏതാണ്ടൊരു മില്ലിറ്റന്‍സിയോടെയാണ് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ മുന്നേറിയത്. ഫയര്‍ബ്രാന്റ് ട്രേഡ് യൂണിയനിസ്റ്റുകളെ തോന്നിയ പാടെ സ്ഥലം മാറ്റിയും ഇല്ലാക്കുറ്റം ചുമത്തിയും മാനേജ്‌മെന്റ് കൈക്കൊണ്ട പ്രതികാരനടപടികളെ വര്‍ഗ്ഗബോധത്തിന്റെ മതില്‍ കെട്ടി അവര്‍ പ്രതിരോധിച്ചു. പ്രലോഭനങ്ങള്‍ ഭീഷണികള്‍ക്ക് വഴിമാറി. സ്ത്രീകളെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പൊള്‍ പ്രിയസഖാക്കള്‍ മെഴുതിരികളുമായ് തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി.
ചര്‍ച്ചകള്‍ക്കില്ലെന്ന് പറഞ്ഞവര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. അവര്‍ പിന്മാറിയില്ല. ഒടുവില്‍ ഏറെയും തണുത്ത് തുടങ്ങിയ ഈ പ്രശ്‌നത്തെ വീണ്ടും എരിഞ്ഞ് പിടിക്കാന്‍ പ്രേരിപ്പിച്ച് കൊണ്ട് അവര്‍ അവരുടെ പ്രതികാരനടപടികള്‍ വീണ്ടും പുറത്തെടുത്തിരിക്കുകയാണ്. ഇത്തവണ ധര്‍ണ്ണകള്‍ പോരാ, ഒരു ദിവസത്തെ പണിമുടക്കം തന്നെ വേണമെന്നായിരിക്കുന്നു.
ഫെഡറല്‍ ബാങ്കിന്റെ കസ്റ്റമേഴ്‌സിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് കൊണ്ടവര്‍ പണിമുടക്കത്തിലേക്ക് പോവുകയാണ്. പക്ഷെ അവര്‍ അവരുടെ അന്നദാതക്കളായ കസ്റ്റമേഴ്‌സിന്റെ തുല്യതയ്ക്ക് പോരടിച്ചതിനാണ് ശിക്ഷിക്കപ്പെടുന്നത്. അതിനെതിരെയാണീ സമരം. ഇത് വേതനവര്‍ധനവിനൊ പ്രമോഷനൊ വേണ്ടിയല്ല, മാസ് ബാങ്കിംഗിലൂടെ സാധ്യമാവുന്ന സമത്വമെന്ന ആശയത്തിന് വേണ്ടിയാണ്. ഇതവരുടെ ചോറ്റിന് അവര്‍ നല്‍കുന്ന വിലയാണ്.
സഖാക്കളേ ലാല്‍സലാം.