മുംബൈ: ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ മുംബൈയിലെ ശിവസേനാ ഭവനു മുന്നില്‍ ഓര്‍മ്മകള്‍ പുതുക്കി കുറച്ച് പോസ്റ്ററുകള്‍. ‘ബാലാസാഹേബ് താക്കറെയുടെ സ്വപ്‌നം സാക്ഷാത്കരിച്ചു, ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി’ എന്നാണ് പോസ്റ്ററില്‍ എഴുതിക്കാണുന്നത്. ഒപ്പം ഇന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെയും മകന്‍ ആദിത്യ താക്കറെയുടെയും ചിത്രങ്ങളും പോസ്റ്ററിലുണ്ട്.
പോസ്റ്ററില്‍ ശ്രദ്ധേയമായിക്കാണുന്ന മറ്റു ചില ചിത്രങ്ങളുണ്ട്. ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെയും മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങളാണവ.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പലപ്പോഴും അവരുടെ നയങ്ങളെ പിന്തുണച്ച വ്യക്തിയാണ് ബാല്‍ താക്കറെ എന്നോര്‍മ്മിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളാണവ. 1975-ല്‍ ഇന്ദിര പ്രധാനമന്ത്രിയായിരിക്കെ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ പല പാര്‍ട്ടികളും എതിര്‍ത്തപ്പോഴും ബാല്‍ താക്കറെ പിന്തുണയ്ക്കുകയാണു ചെയ്തത്.
ഇന്ദിര ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണെന്ന് 2007-ല്‍ ബാല്‍ താക്കറെ പറയുകയും ചെയ്തിരുന്നു. അതിനുശേഷം ശിവസേന കോണ്‍ഗ്രസിന് അനുകൂലമായി നിലകൊള്ളുന്നതും, ആദ്യമായി അവരുമായിട്ടു കൈകോര്‍ക്കുന്നതും ഇപ്പോഴാണ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു പ്രത്യേകം നന്ദി പറയുകയും പരസ്പരം വിശ്വസിച്ചതുകൊണ്ടാണ് രാജ്യത്തിനു പുതിയ ദിശ നല്‍കാന്‍ സാധിച്ചതെന്നും ഉദ്ധവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദിത്യ താക്കറെ നേരിട്ടെത്തി സോണിയയെ സത്യപ്രതിജ്ഞാച്ചടങ്ങിനു ക്ഷണിക്കുകയും ചെയ്തു.
ബാല്‍ താക്കറെയെ ഉപയോഗിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയിക്കുന്നു എന്ന ആരോപണവും തുടര്‍ച്ചയായി ശിവസേന ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അതേ ബാല്‍ താക്കറെയുമായി കോണ്‍ഗ്രസിനു നല്ല ബന്ധമായിരുന്നുവെന്നു വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ ഉയര്‍ന്നത്.
കഴിഞ്ഞ 25 വര്‍ഷമായി ബാല്‍ താക്കറെയുടെ പോസ്റ്ററുകള്‍ ഉപയോഗിച്ചും അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉപയോഗിച്ചുമാണ് ബി.ജെ.പി മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതെന്നു സേനാ നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മഹാരാഷ്ട്രയ്ക്ക് ഒരു മുഖ്യമന്ത്രി വേണമെന്നതായിരുന്നു ബാല്‍ താക്കറെയുടെ ആവശ്യമെന്ന് പല മുതിര്‍ന്ന ശിവസേനാ നേതാക്കളും പറയുന്നുണ്ട്.
എന്നാല്‍ 1966-ല്‍ ശിവസേന രൂപീകരിച്ചപ്പോള്‍ മുതല്‍ 2017 നവംബര്‍ 17-ന് ബാല്‍ താക്കറെ മരിക്കുന്നതു വരെ ഒരു സ്ഥാനമാനങ്ങളും അദ്ദേഹം കൈക്കൊണ്ടിരുന്നില്ല. മാത്രമല്ല, ആദിത്യ താക്കറെയിലൂടെ ആദ്യമായാണ് താക്കറെ കുടുംബം തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ.