ഗുവാഹത്തി: വിദേശ ട്രൈബ്യൂണല്‍ വിദേശിയെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിയമ നടപടികള്‍ നേരിടുന്ന മധ്യവയസ്‌ക ഒളിവില്‍ പോയി.വിദേശ ട്രൈബ്യൂണലിന്റെ വിധിയ്‌ക്കെതിരെ അമ്പത് കാരിയായ ജബീദ സമര്‍പ്പിച്ച അപ്പീല്‍ ഗുവാഹട്ടി ഹൈക്കോടതി തള്ളിയതോടെ തടങ്കല്‍ പാളയത്തില്‍ അടയ്ക്കും എന്ന ഭയമാണ് ജബീദ ഒളിവില്‍ പോകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ടൈബ്രൂണല്‍ നടപടികള്‍ നേരിടുന്ന ജബീദയുടെ വീട്ടില്‍ റെയിഡിനായി പൊലീസ് എത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 15 ഓളം രേഖകള്‍ ജബീദ വിദേശ ട്രൈബ്യൂണലിനു മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖകളൊന്നും ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. ജാബേദ് അലിയുടെ മകളാണ് എന്ന് തെളിയിക്കാന്‍ ജബീദയ്ക്ക് കഴിഞ്ഞില്ല എന്നാണ് ട്രൈബ്യൂണല്‍ നിരീക്ഷിച്ചത്.
ജബീദ സഹോദരിയാണെന്ന് കാണിച്ച് ജാബേദ് അലിയുടെ മകന്‍ സംസുലി അലി നല്‍കിയ സത്യവാങ്മൂലവും ട്രൈബ്യൂണല്‍ നിഷേധിക്കുകയായിരുന്നു. ജബീദ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയതാണെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ജബീദയെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ഒളിവില്‍ പോയ ജബീദയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോട്ടോ കടപ്പാട് ഔട്ട്‌ലുക്ക്