ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയത്തിൽ വലിയ പങ്ക് വഹിച്ച താരമാണ് അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. ലോകകപ്പിലെ ഗംഭീര പ്രകടനങ്ങളുടെ പേരിൽ ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ കീപ്പറായി മാർട്ടിനെസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാൽ അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയതിന് ശേഷമുള്ള ആഘോഷ പ്രകടനങ്ങളുടെ പേരിൽ വലിയ വിമർശനങ്ങളാണ് മാർട്ടിനെസിന് നേരിടേണ്ടി വന്നത്.
ലോകകപ്പ് വേദിയിൽ അശ്ലീല ആംഗ്യം കാണിച്ച മാർട്ടിനെസ്. പിന്നീട് ഡ്രസിങ് റൂമിൽ വെച്ച് നടത്തപ്പെട്ട ആഘോഷത്തിൽ എംബാപ്പെക്ക് വേണ്ടി മൗനമാചരിക്കാൻ സഹതാരങ്ങളോട് ആവശ്യപ്പെട്ട് വിവാദത്തിലായിരുന്നു.
കൂടാതെ ബ്യൂണസ് ഐറിസിൽ വെച്ച് നടന്ന അർജന്റീനയുടെ വിക്ടറി പരേഡിൽ എംബാപ്പെയുടെ മുഖത്തിന്റെ സ്റ്റിക്കർ പാവയിൽ ഒട്ടിച്ചും മാർട്ടിനെസ് വിവാദത്തിലായിരുന്നു.
ഇപ്പോൾ മറ്റൊരു കൗതുകകരമായ കാര്യമാണ് താരത്തെ വാർത്തകളിൽ ഇടം പിടിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് മെഡൽ സ്വന്തമാക്കിയതോടെ അത് സംരക്ഷിക്കാനായി വൻ തുക നൽകി ഒരു വളർത്ത് നായയെ വാങ്ങിയിരിക്കുകയാണ് എമിലിയാനോയിപ്പോൾ.
ഡെയ്ലി മെയ്ലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19 ലക്ഷം രൂപ മുടക്കി ബെൽജിയൻ മാലിനോയിസ് ഇനത്തിൽ പെടുന്ന നായയെയാണ് എമിലിയാനോ സ്വന്തമാക്കിയത്. സുരക്ഷക്കായി പ്രേത്യേകം പരിശീലനം നേടിയ 30 കിലോയോളം തൂക്കം വരുന്ന നായയെ വെസ്റ്റ് മിഡ്‌ലാന്റിലെ തന്റെ വീട്ടിൽ അദ്ദേഹം എത്തിച്ചതായാണ് ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യു.എസ് നേവി ഉൾപ്പെടെ നിരവധി സൈനിക, പൊലീസ് സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ഇനം നായയാണ് ബെൽജിയൻ മാലിനോയിസ്.
ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ്, ചെൽസിയുടെ മുൻ താരം ആഷ്ലി കോൾ, ബോക്സിങ് ഇതിഹാസം ടൈസൺ ഫ്യൂരി മുതലായവരൊക്കെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന നായയാണ് ബെൽജിയം മാലിനോയിസ്.
അതേസമയം മാർട്ടിനെസിനെ ആസ്റ്റൺ വില്ലയിൽ നിന്ന് ഒഴിവാക്കാനും പകരം വേറെയെതെങ്കിലും താരത്തെ ജനുവരിയിൽ തുറക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാനും ആസ്റ്റൺ വില്ലക്ക് പദ്ധതികൾ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
മാത്രമല്ല ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിൽ കളിക്കാൻ മാർട്ടിനെസിന് താൽപര്യമുണ്ടെന്നും താരത്തിന്റെ ഏജന്റ് ഗുസ്താവോ ഗോണി നേരത്തേ പ്രതികരിച്ചിരുന്നു.