| Saturday, 4th May 2019, 11:31 am

ഒടുവില്‍ മോദി-ഷാ പേടി ഇല്ലാതാവുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മോദിക്കെതിരെ ഉയര്‍ന്ന അഭിപ്രായം ഇതിനു തെളിവെന്ന് പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന പരാതികളില്‍ മോദിക്കും അമിത് ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിട്ട് നല്‍കിയെങ്കിലും കമ്മീഷനിലെ ഒരു അംഗം എതിര്‍ത്ത് നിലപാടെടുത്തത് പ്രതീക്ഷാര്‍ഹമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. അമിത് ഷാ- മോദി ദ്വയത്തിലുള്ള ഭയം കുറയുന്നതിന്റെ ലക്ഷണമാണിതെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

‘മോദി-ഷാ ദ്വയത്തിന്റെ പ്രസ്താവനകളില്‍ ശരികേട് കണ്ടെത്തുകയും മറ്റ് രണ്ടംഗങ്ങളോടും അതേക്കുറിച്ച് വാദിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിന്റെ ലക്ഷണമാണ്’- ചിദംബരത്തിന്റെ ട്വീറ്റില്‍ പറയുന്നു.

‘മെയ് 6, മെയ് 12, മെയ് 12 ആവുമ്പോഴേക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിക്കും മോദിക്കും അമിത് ഷായ്ക്കും താക്കീത് നല്‍കുമെന്ന് കരുതാം. അമിത് ഷാ- മോദി പേടി കുറയുന്നതിന്റെ ലക്ഷണമാണിത്’- ചിദംബരം മറ്റൊരു ട്വീറ്റില്‍ കുറിക്കുന്നു.

മാധ്യമങ്ങളും മോദി-ഷാ പേടി മറികടന്ന് അവരുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടിയെടുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ചിദംബരം പറഞ്ഞു.

നാഗ്പൂരില്‍ വെച്ച് ഏപ്രില്‍ 9ന് അമിത് ഷാ വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച് നടത്തിയ പ്രസ്താവനയുടെ കാര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്.

ആദ്യമായി വോട്ടു ചെയ്യുന്നവര്‍ ബാലാക്കോട്ട് ആക്രമണം നടത്തിയവരെ ഓര്‍ക്കണമെന്ന് മോദിയുടെ പ്രസ്താവനയുടെ കാര്യത്തിലും കമ്മീഷനിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

നാലു തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ പ്രസ്താവനകളിലായി മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന പരാതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു.

ആണവായുധങ്ങള്‍ ദീപാവലിക്ക് പോട്ടിക്കാനുള്ളതല്ലെന്ന പ്രസ്ഥാവനയ്ക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more