കാബൂള്‍: താലിബാന്റെ കണ്ണില്‍ നിന്നും രക്ഷപ്പെടാന്‍ തങ്ങളുടെ ഡിജിറ്റല്‍ രേഖകളെല്ലാം നശിപ്പിക്കുകയാണ് അഫ്ഗാന്‍ ജനത. ഡിജിറ്റല്‍ ഐഡന്‍ന്റിറ്റി കാര്‍ഡുകളും ബയോമെട്രിക് രേഖകളും പിന്തുടര്‍ന്ന് താലിബാന്‍ തങ്ങളിലേക്കും എത്തുമോ എന്ന ഭയം മൂലമാണ് ആളുകള്‍ രേഖകള്‍ നശിപ്പിക്കാനൊരുങ്ങുന്നത്.
യു.എസ് സേന അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്ന കാലത്താണ് പൗരന്‍മാരുടെ ഡാറ്റ അഫ്ഗാന്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ ആരംഭിച്ചത്. അന്നുമുതല്‍ വോട്ടിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഡിജിറ്റല്‍ രേഖകളാണ് ആളുകള്‍ ഉപയോഗിച്ച് വരുന്നത്.
യു.എസ് ആര്‍മിക്ക് വേണ്ടി കാണ്ഡഹാര്‍ മേഖലയില്‍ വിവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്ന എഴുത്തുകാരന്‍ മുഹിബുള്ള എന്ന ആളുടെ അവസ്ഥയാണ് അഫ്ഗാന്‍ ജനതയെ ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
ഡിജിറ്റല്‍ രേഖകള്‍ പിന്തുടര്‍ന്ന് താലിബാന്‍ തന്റെ നീക്കങ്ങള്‍ അറിയുമെന്നും അതുവഴി തന്നേയും കുടുംബത്തേയും കൊല്ലുമെന്നാണ് മുഹിബുള്ള പറയുന്നത്. മുഹിബുള്ളയടക്കമുള്ള എല്ലാ വിദേശ ലേഖകരും തങ്ങളുടെ ഭൗതിക രേഖകള്‍ മുഴുവന്‍ കത്തിക്കുകയാണ്. എന്നാല്‍ ഗവണ്‍മെന്റിന്റെ പക്കലുള്ള ഡിജിറ്റലൈസ് ചെയ്ത രേഖകള്‍ ഉപയോഗിച്ച് താലിബാന്‍ തങ്ങളിലേക്ക് എത്തും എന്നാണ് ഇവര്‍ ഭയപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് താലിബാന്‍ സര്‍ക്കാര്‍ ഡാറ്റബേസ് ആക്സസ് ചെയ്തു എന്ന് അവകാശപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജനങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ രേഖകള്‍ ഒഴിവാക്കാനൊരുങ്ങുന്നത്.
ഈ ഡാറ്റകള്‍ ഒളിപ്പിക്കാന്‍ പ്രയാസമാണെന്നും ഇതുപയോഗിച്ച് കോണ്‍ടാക്ടുകളും നെറ്റ്വര്‍ക്കുകളും ആക്സസ് ചെയ്യാന്‍ പറ്റുമെന്നും ഹ്യൂമന്‍ റൈറ്റ്സിലെ ചീഫ് ടെക്നോളജി ഓഫീസറായ വെല്‍ട്ടണ്‍ ചാംഗ് പറയുന്നു.
ഡാറ്റ കയ്യടക്കുന്നതടക്കമുള്ള താലിബാന്റെ എല്ലാ പോരാട്ടങ്ങളും തുടരുമെന്നാണ് അഫ്ഗാന്‍ വൈസ് പ്രസിഡന്റായ അമറുള്ള സലേ പറയുന്നത്. പ്രസിഡന്റായ ഗനി രാജ്യം വിട്ടതോടെ സംരക്ഷിത (കെയര്‍ടേക്കര്‍) പ്രസിഡന്റായി വൈസ് പ്രസിഡന്റ് അമറുള്ള സലെ സ്വയം പ്രഖ്യാപിച്ചിരുന്നു.
താലിബാന് കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്നും പോരാടുമെന്നും സലെ പറഞ്ഞു. അഫ്ഗാന്‍ ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ (രാജ്യം വിടുക, രാജിവെക്കുക, മരണം തുടങ്ങിയ സാഹചര്യങ്ങളില്‍) വൈസ് പ്രസിഡന്റിനാണ് പകരം ചുമതല.
താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് ഉറപ്പായ ഞായറാഴ്ച തന്നെ തന്റെ നിലപാട് വ്യക്തമാക്കി സലെ ട്വീറ്റ് ചെയ്തിരുന്നു.
‘താലിബാനു മുന്നില്‍ തല കുനിക്കേണ്ട സാഹചര്യം എനിക്കൊരിക്കലുമില്ല. ഞാനെന്റെ ആത്മാവിനെ വഞ്ചിക്കില്ല. എന്റെ ഹീറോയായ, കമാന്‍ഡറും ഇതിഹാസവും വഴികാട്ടിയുമായ അഹമ്മദ് ഷാ മസൂദിന്റെ പൈതൃകത്തെ ഒറ്റില്ല. എന്നെ ശ്രവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നിരാശരാക്കില്ല. താലിബാനു കീഴിലുള്ള ഒരാളായി എനിക്കൊരിക്കലും മാറാനാവില്ല, ഒരിക്കലും’ എന്നായിരുന്നു സലെയുടെ ട്വീറ്റ്.