കുട്ടികളുടെ 'തന്ത'യ്ക്ക് വിളിക്കുമെന്ന് ഭയം; സുരേഷ് ഗോപിയെ സ്‌കൂള്‍കായികമേളയുടെ പരിസരത്തേക്ക്‌പോലും ക്ഷണിക്കില്ല: വി. ശിവന്‍കുട്ടി
Kerala News
കുട്ടികളുടെ 'തന്ത'യ്ക്ക് വിളിക്കുമെന്ന് ഭയം; സുരേഷ് ഗോപിയെ സ്‌കൂള്‍കായികമേളയുടെ പരിസരത്തേക്ക്‌പോലും ക്ഷണിക്കില്ല: വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2024, 2:01 pm

എറണാകുളം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സുരേഷ് ഗോപിയെ പരിപാടിക്ക് ക്ഷണിച്ചാല്‍ അദ്ദേഹം കുട്ടികളുടെ ‘തന്ത’യ്ക്ക് വിളിക്കാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.

എന്തും വിളിച്ച് പറയുന്ന ആളാണ് അദ്ദേഹമെന്നും അതിനാല്‍ ആ പരിസരത്തേക്ക് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒറ്റതന്ത പ്രയോഗം പിന്‍വലിച്ചാല്‍ സുരേഷ് ഗോപിയെ പരിപാടിയിലേക്ക് ക്ഷണിക്കാമെന്നും വി.ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ എത്തിയതായിരുന്നു അദ്ദേഹം.

‘സുരേഷ് ഗോപി വന്ന് എന്തൊക്കെ വിളിച്ച് പറഞ്ഞിട്ട് പോവുമെന്ന് അറിയില്ല. ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്ക് വിളിച്ചിട്ട് പോയാല്‍ അത് നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് സുരേഷ് ഗോപിയെ ക്ഷണിക്കുന്നില്ല. കേരളത്തിലെ ജനങ്ങളെ ഒറ്റ തന്തയ്ക്ക് പിറന്നവന്‍ എന്നാക്ഷേപിച്ച പ്രസ്താവന പിന്‍വലിച്ചാല്‍ അദ്ദഹത്തെ വിളിക്കാം.

തന്തയ്ക്ക് വിളിക്കും എന്ന ഭയം ഉള്ളതുകൊണ്ട് തന്നെയാണ് വിളിക്കാത്തത്. ഐക്യകേരളം രൂപീകരിച്ചത് മുതല്‍ നിരവധി രാഷ്ട്രീയ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായി. പക്ഷെ ഇങ്ങനെ ഒറ്റ തന്തയ്ക്ക് വിളിക്കുന്നത് ആദ്യമായിട്ടാണ്. അത് ചരിത്രത്തില്‍ രേഖപ്പെടുത്തും,’ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് സുരേ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പൂരവുമായി സംബന്ധിച്ച യാഥാര്‍ഥ്യം അന്വേഷിക്കുന്നതിന് ഒറ്റ തന്തയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ കേസ് സി.ബി.ഐക്ക് വിടണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

ആ പരാമര്‍ശത്തിനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമടക്കം നിരവധി നേതാക്കള്‍ പ്രതികരണവുമായി എത്തിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ നടത്തിയ പരാമര്‍ശം സിനിമ ഡയലോഗായി മാത്രം കണ്ടാല്‍ മതിയെന്ന് പറഞ്ഞ് സുരേഷ് ഗോപി തന്നെ ഈ പരാമര്‍ശത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചിരുന്നു.

Content Highlight: Fear of being called ‘Tanta’ of children; Suresh Gopi will not even be invited to school sports fair premises: Education Minister