| Thursday, 1st August 2019, 2:40 pm

'ഞാന്‍ കൊല്ലപ്പെടുമോയെന്ന് ഭയമുണ്ട്; തോക്ക് അനുവദിക്കണം'; അപകടം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഉന്നാവോ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന് കത്തെഴുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉന്നാവോ അപകടം നടക്കുന്നതിന് മുന്‍പേ തന്റേ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവോയിലെ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്ത് പുറത്ത്.

ജൂലൈ പതിനഞ്ചിനാണ് അഭിഭാഷകന്‍ കത്തയക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് തനിക്ക് തോക്കിന് ലൈസന്‍സ് അനുവദിക്കണമെന്നുമാണ് കത്തില്‍ പറയുന്നത്. എന്നാല്‍ കത്ത് മജിസ്‌ട്രേറ്റ് പരിഗണിച്ചില്ല.

കത്തയച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് അഭിഭാഷകനും പെണ്‍കുട്ടിയും അപകടത്തില്‍പ്പെടുന്നത്. തോക്കിന് ലൈസന്‍സ് ലഭിക്കാനായി താന്‍ അപേക്ഷ നല്‍കിയിരുന്നെന്നും അപേക്ഷ സ്വീകരിച്ചെങ്കിലും യോഗി സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം തനിക്ക് ലൈസന്‍സ് അനുവദിച്ചില്ലെന്നും ഹിന്ദിയില്‍ എഴുതിയ കത്തില്‍ അഭിഭാഷകന്‍ പറയുന്നുണ്ട്.

അഭിഭാഷകന് പുറമെ പെണ്‍കുട്ടിയും സുരക്ഷ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്ക്ക് കത്തയച്ചിരുന്നു. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ലൈംഗികാരോപണ പരാതി നല്‍കിയതിന് പിന്നാലെ തന്നേയും കുടുംബത്തേയും ചിലര്‍ വേട്ടയാടുകയാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നുമായിരുന്നു കത്തില്‍ പറഞ്ഞത്.

എന്നാല്‍ കത്ത് ചീഫ് ജസ്റ്റിന്റെ ടേബിളില്‍ എത്തിയില്ല. കത്ത് താന്‍ കണ്ടില്ലെന്നായിരുന്നു പിന്നീട് രഞ്ജന്‍ ഗൊഗോയി പ്രതികരിച്ചത്. വിഷയത്തില്‍ സുപ്രീം കോടതി രജിസ്ട്രാറോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more